അപൂർവ്വ ദിനത്തിൽ ആസിഫ് അലി ചിത്രത്തിന് തുടക്കമിട്ട് സിബി മലയിൽ

October 10, 2020

അപൂർവ്വങ്ങളിൽ അപൂർവ്വമായ ദിനമാണിന്ന്. സംഖ്യാശാസ്ത്രപരമായി, ഒരേ അക്കങ്ങൾ രണ്ടുതവണ ആവർത്തിക്കുന്ന കൗതുകം നിറഞ്ഞ ദിനം. ഈ ദിനത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ് സംവിധായകൻ സിബി മലയിൽ. തന്റെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് സംവിധായകൻ. ആസിഫ് ചിത്രമാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.

രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് നാടക രംഗത്തുനിന്നും സിബി മലയിൽ കണ്ടെത്തിയ ഹേമന്ദ്കുമാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആസിഫ് അലിക്ക് പുറമെ റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് അഭിനേതാക്കൾ.

ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം കൈലാസ് മേനോനാണ് ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; അഗ്നിവേശ്,‌ പ്രൊജക്റ്റ് ഡിസൈനർ; ബാദുഷ, പിആർഒ- ആതിര ദിൽജിത്ത്.

കോഴിക്കോടാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുക. സമ്മർ ഇൻ ബത്ലഹേമിന് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ഇത്തവണ രഞ്ജിത്ത് നിർമാതാവിന്റെ വേഷത്തിലാണ്. വീണ്ടും സിബി മലയിലിനൊപ്പം പ്രവർത്തിക്കുന്ന സന്തോഷം സിനിമാ പ്രഖ്യാപിച്ചപ്പോൾ രഞ്ജിത്ത് പങ്കുവെച്ചിരുന്നു.

‘ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്’- രഞ്ജിത്തിന്റെ വാക്കുകൾ.

Story highlights- sibi malayil new move shooting started