ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോൾ- അടൽ തുരങ്കത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് പ്രിയദർശൻ

October 10, 2020

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമായ അടൽ തുരങ്കം സന്ദർശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഒക്ടോബർ 3നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന റോഹ്താങ്ങിലെ അടൽ തുരങ്കം ഉദ്ഘടനം ചെയ്തത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹിമാചലിലേക്ക് പോകുന്ന വഴി അടൽ തുരങ്കത്തിൽ നിന്നും പകർത്തിയ ചിത്രമാണ് പ്രിയദർശൻ പങ്കുവെച്ചത്.

ഹിമാചലിൽ ചിത്രീകരിക്കുന്ന എന്റെ സിനിമയ്ക്കായി അടൽ ടണലിലൂടെ സഞ്ചരിക്കാൻ ഭാഗ്യമുണ്ടായി എന്ന കുറിപ്പിനൊപ്പമാണ് പ്രിയദർശൻ ചിത്രം പങ്കുവെച്ചത്. 9.02 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് ഹിമാചൽ പ്രദേശിലെ അടൽ ടണൽ. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ഈ തുരങ്കം മണാലിയെ ലാഹോൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു. 46 കിലോമീറ്റർ ദൂരമാണ് ഈ തുരങ്കം കുറയ്ക്കുന്നത്. അതായത് മണാലിക്കും ലേയ്ക്കും ഇടയിലുള്ള 5 മണിക്കൂർ യാത്രാ സമയം.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലൂടെ ജനപ്രിയനായ സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് ബോളിവുഡ് റീമേക്ക് ഒരുക്കിയാണ് പ്രിയദർശൻ ദേശീയ .ശ്രദ്ധ നേടിയത്. 2016ലാണ് മലയാളത്തിൽ ഏറ്റവുമൊടുവിൽ പ്രിയദർശൻ ഒരുക്കിയ ഒപ്പം റിലീസിന് എത്തിയത്. പ്രിയദർശന്റെയും മോഹൻലാലിന്റേയും സ്വപ്ന ചിത്രമായ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസിന് തയ്യറെടുക്കുമ്പോഴാണ് കൊവിഡ് സൃഷ്ടിച്ചത്. മോഹൻലാൽ മരക്കാറായി എത്തുന്ന ചിത്രം മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്നു. എന്നാൽ ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

Read More: ‘ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്’- ശ്രദ്ധ നേടി ‘ദൃശ്യം 2’ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രം

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

Story highlights- When Priyadarshan travelled through Atal Tunnel