ആർഭാടങ്ങളില്ല; ലളിതം സുന്ദരം ഈ ജീവിതം

May 28, 2021

ഏറ്റവും ലളിതമായ ജീവിതം സ്വപ്നം കണ്ടവരാണ് വെനീഷ്യയും ഭർത്താവ് ഗൗതവും… ഒരുപാട് യാത്രചെയ്യണം, അതായിരുന്നു ഇരുവരുടെയും ആഗ്രഹം. അങ്ങനെ കാടുകളും മലകളും നഗരങ്ങളും താണ്ടി ഇരുവരും ഒരുപാട് യാത്രകൾ ചെയ്തു. ആദ്യത്തെ കുഞ്ഞ് ജനിക്കാനിരിക്കെയാണ് നഗരത്തിലെ ജീവിതത്തോട് ഇരുവർക്കും പൂർണമായും മടുപ്പ് തോന്നിയത്.

പിന്നീട് നഗരം വിട്ട് ശാന്ത സുന്ദരമായ ഏതെങ്കിലും ഗ്രാമത്തിലേക്ക് ജീവിതം മാറ്റണം എന്നവർ ആഗ്രഹിച്ച് തുടങ്ങി. പിന്നീട് പലപ്പോഴായുള്ള യാത്രകൾക്കിടയിൽ ആ ദമ്പതികള്‍ സക്ലേഷ്‍പുരില്‍ കാടിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങി. ആഴ്ചാവസാനങ്ങളില്‍ അങ്ങോട്ടുള്ള യാത്രകളില്‍ അവിടെ അത്യാവശ്യം താമസത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കി.

ലളിതമായിട്ടുള്ള ജീവിതം നയിക്കാൻ ആഗ്രഹിച്ച ഇരുവരും തങ്ങളുടെ കുട്ടികൾക്ക് ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കികൊടുക്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കി. ആദ്യം വെനീഷ്യ കുഞ്ഞുങ്ങളുമായി അങ്ങോട്ടേക്ക് താമസം മാറ്റി. അപ്പോഴൊക്കെ ജോലികഴിഞ്ഞ് ആഴ്ചയിൽ ഒരിക്കൽ ആണ് ഭർത്താവ് ഗൗതം വീട്ടിലേക്ക് എത്തിയിരുന്നത്. പിന്നീട് തന്റെ ജോലി ഉപേക്ഷിച്ച് ഗൗതമും കുടുംബത്തിനൊപ്പം ആ കാടിനരികിലെ കൊച്ചുവീട്ടിലേക്ക് താമസം മാറി.

Read also:‘വിശ്വം കാക്കുന്ന നാഥാ…’ ഈ പാട്ട് ഇതിലും മനോഹരമായി ആർക്ക് പാടാനാകും; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി ബെവൻ

എർത്ത് ബാഗുകളും മണ്ണും ഉപയോഗിച്ചാണ് ഇവർ കാടിനോട് ചേർന്ന് വീട് നിർമിച്ചിരിക്കുന്നത്. ഇവരുടെ കൊച്ചു വീട്ടിൽ അത്യാവശ്യത്തിനുള്ള സൗകര്യങ്ങൾ മാത്രമാണ് ഉള്ളത്. കുളിമുറി, ഭക്ഷണം പാകം ചെയ്യാനുള്ള സ്ഥലം, ബാത്റൂം, കിടക്കാൻ ഉള്ള സ്ഥലം തുടങ്ങി പരിമിതമായ സാഹചര്യം മാത്രമേ ഇവിടെ ഉള്ളു. എന്നാൽ വീടിനോട് ചേർന്ന് മനോഹരമായ ഒരു ഫാമും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി തോട്ടത്തിന് അരികിലായി മണ്ണുകൊണ്ട് നിർമിച്ച മനോഹരമായ കുളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Story Highlights; Couple Minimalist home near forest