ബ്രിട്ടനില്‍ പാവങ്ങളുടെ ഹീറോയായി മലയാളി യുവാവ്; ഇത് ‘നന്മപ്രഭു’

May 27, 2021
Keralite who supplied food packets during Covid crisis in United Kingdom

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമേകുന്നവര്‍. പ്രഭു നടരാജനേയും ഈക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ബ്രിട്ടനിലെ പാവങ്ങളുടെ ഹീറോയാണ് പ്രഭു എന്ന മലയാളി യുവാവ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നന്മയുടെ പ്രഭു.

പാലക്കാടാണ് പ്രഭു നടരാജന്റെ സ്വദേശം. നന്മ നിറഞ്ഞ സേവനങ്ങള്‍ക്കൊണ്ട് കൈയടി നേടുകയാണ് ഈ ചെറുപ്പക്കാരന്‍. കുടുംബത്തോടൊപ്പം ബ്രിട്ടനിലാണ് നിലവില്‍ പ്രഭു. ഇവിടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് പ്രഭുവും കുടുംബവും താരമായി മാറിയിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ അത്താഴ വിരുന്നിനും പ്രഭുവിനും കുടുംബത്തിനും ക്ഷണം ലഭിച്ചു. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങളും.

Read more: മലയാളികള്‍ ഹൃദയത്തിലേറ്റുന്ന ഗാനം 33 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആലപിച്ച് എംജി ശ്രീകുമാര്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രഭു ബ്രിട്ടനില്‍ എത്തിയത്. ലക്ഷ്യം ജോലിയായിരുന്നുവെങ്കിലും പ്രതീക്ഷകള്‍ തളര്‍ത്തിക്കൊണ്ട് കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും വില്ലനായി. എന്നാല്‍ വീടിനുള്ളില്‍ കഴിഞ്ഞ നിമിഷങ്ങളിലും കൊവിഡില്‍ ജീവിതം തകര്‍ന്നവരെക്കുറിച്ച് പ്രഭു ചിന്തിച്ചു. അങ്ങനെയാണ് കഴിഞ്ഞ നവംബര്‍ 14 ന് വിവാഹ വാര്‍ഷിക ദിനത്തില്‍ നൂറോളം പേര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി നല്‍കിയതും.

അതായിരുന്നു തുടക്കം. പിന്നീട് എല്ലാ അഴ്ചകളിലും ഈ ഭക്ഷ്യക്കിറ്റ് വിതരണം തുടര്‍ന്നു. മികച്ച പിന്തുണയും പ്രോത്സാഹനവുമായി അനേകരും പ്രഭുവിനും കുടുംബത്തിനുമൊപ്പം ചേര്‍ന്നതോടെ നിരവധിപ്പേര്‍ക്ക് അന്നം ലഭിച്ചു. സാന്റാക്ലോസിന്റേയും സൂപ്പര്‍മാന്റേയുമെല്ലാം വേഷമണിഞ്ഞ് തെരുവിലിറങ്ങിയും പ്രഭു ഭക്ഷണത്തിനായുള്ള തുക സമാഹരിച്ചിട്ടുണ്ട്. തന്റെ നന്മപ്രവൃത്തിയിലൂടെ അനേകരുടെ വിശപ്പകറ്റുന്ന അന്നദാതാവായി മാറിയിരിക്കുകയാണ് ഈ മലയാളി യുവാവ് ബ്രിട്ടനില്‍.

Story highlights: Keralite who supplied food packets during Covid crisis in United Kingdom