തിമിംഗലത്തിന്റെ ഉള്ളിൽ കഴിഞ്ഞത് മിനിറ്റുകളോളം; അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് മൈക്കിൾ…

June 13, 2021

ഒരു കൂറ്റൻ തിമിംഗലത്തിന്റെ വായിൽ അകപ്പെടുക, പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുക..കേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം..എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ് ന്യൂയോർക്ക് സ്വദേശിയായ മൈക്കിൾ പെകാർഡ് എന്ന വ്യക്തി. മരണത്തെ മുന്നിൽക്കണ്ട ആ നിമിഷങ്ങളെക്കുറിച്ച് സോഷ്യൽ ഇടങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മൈക്കിൾ.

സുഹൃത്തിനൊപ്പം ഞണ്ടിനെ പിടിക്കാൻ കടലിലേക്ക് ഇറങ്ങിയതാണ് മൈക്കിൾ. ആഴക്കടലിൽ നിന്നും ഞണ്ടുകളെ പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്. ഞണ്ടുകളെ പിടിക്കുന്നതിനിടെയിൽ പെട്ടന്ന് എവിടെയോ തട്ടിയതായി മൈക്കിളിന് തോന്നി. ചുറ്റും ആകെ ഇരുട്ടുപോലെ തോന്നി. ആദ്യം കരുതിയത് പതിവായി കാണുന്നതുപോലെ സ്രാവുകൾ ആയിരിക്കും എന്നാണ്. എന്നാൽ പെട്ടന്നാണ് താനൊരു തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടതായി മൈക്കിളിന് മനസിലായത്. തിമിംഗലം വിഴുങ്ങാൻ തുടങ്ങുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉള്ളിൽ ഭയമായി. പിന്നീട് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ…

പെട്ടന്ന് തിമിംഗലം ഒന്നിളകി. വെള്ളത്തിന്റെ മുകളിൽ എത്തിയ തിമിംഗലം തല ശക്തമായൊന്ന് കുലുക്കി. പെട്ടന്ന് വായിലൂടെ കുതിച്ച് മൈക്കിൾ പുറത്തേക്ക് വീണു. ശക്തമായ വീഴ്‌ചയിൽ കാലിന് ചെറിയ രീതിയിലുള്ള പരിക്ക് സംഭവിച്ചതൊഴിച്ചാൽ തികച്ചും അത്ഭുതകരമായിരുന്നു മൈക്കിളിന്റെ രക്ഷപ്പെടൽ. ഈ സമയം മൈക്കിളിനെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്ത് ഓക്‌സിജൻ ഉപകരണത്തിൽ നിന്നും കുമിളകൾ പുറത്തേക്ക് വരുന്നത് കണ്ടു. ഉടൻതന്നെ മൈക്കിളിനെ ബോട്ടിൽ കയറ്റി, അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

Read also:രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ 80,843 കേസുകൾ

ഈ സംഭവം പുറത്തറിഞ്ഞതോടെ നിരവധിപ്പേരാണ് മൈക്കിളിന്റെ അത്ഭുതകരമായ രക്ഷപെടലിൽ ആശ്വാസം പങ്കുവയ്ക്കുന്നത്. ഇത്തരം വലിയ തിമിമംഗലങ്ങൾ കൂടുതൽ മത്സ്യങ്ങളെ വിഴുങ്ങുന്നതിനായി വായ കുറെയധികം സമയം തുറന്ന് പിടിക്കാറുണ്ട്. അത്തരത്തിലായിരിക്കാം മൈക്കിളും തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്.

Story Highlights: Lobster Diver Swallowed By Whale and escaped luckly