‘പ്രിയ സുഹൃത്തേ..മോനിഷാ’; പ്രിയനടി വിടപറഞ്ഞിട്ട് 29 വർഷം- ഓർമ്മകളുമായി മനോജ് കെ ജയൻ

December 6, 2021

മലയാളികളുടെ മനസ്സിൽ മായാത്ത ഓർമകളുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് മോനിഷ. 1992ൽ കരിയറിലെ വലിയ വിജയങ്ങൾ ചെറിയ പ്രായത്തിനുള്ളിൽ സ്വന്തമാക്കി സജീവമാകുന്ന സമയത്താണ് കാറപകടത്തിൽ നടി മരണമടഞ്ഞത്. മലയാള സിനിമയിൽ സജീവമായ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പേരെടുത്ത ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു മോനിഷ ഉണ്ണി. മോനിഷയുടെ ചരമ വാർഷിക ദിനത്തിൽ സുഹൃത്തും സഹതാരവുമായിരുന്ന മനോജ് കെ ജയൻ ഓർമ്മകൾ പങ്കിടുകയാണ്.

“നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു” പ്രിയ സുഹൃത്തേ,,,മോനിഷാ…ദീപ്തമായ സ്മരണകളോടെ….പ്രണാമം..’- മനോജ് കെ ജയൻ കുറിക്കുന്നു. ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവരും അടുപ്പം കാത്തുസൂക്ഷിച്ചിരുന്നവരുമെല്ലാം മോനിഷയുടെ ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. അന്ന് ഒപ്പം യാത്ര ചെയ്തിരുന്ന അമ്മ ശ്രീദേവി ഉണ്ണി അപകടനില തരണം ചെയ്‌തെങ്കിലും മോനിഷ ഉണ്ണി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More: ‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

പതിനാറാം വയസ്സിലാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് മോനിഷ കരസ്ഥമാക്കുന്നത്. അതും തന്റെ ആദ്യ ചിത്രമായ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലൂടെ. ഏതൊരു അഭിനേതാവും സ്വപ്നം കാണുന്ന വിജയങ്ങൾ മോനിഷ വേഗത്തിൽ നേടി. തന്റെ ചെറിയ കാലയളവിലെ കരിയറിൽ, സിബി മലയിൽ, എം ടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ തുടങ്ങി നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ 5ന് ഒരു വാഹനാപകടത്തിലാണ് മോനിഷ മരണമടഞ്ഞത്.

Story highlights- manoj k jayan remembering monisha on her death anniversary