‘പ്രേക്ഷകർക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കണം’: മുന്നോട്ടുള്ള സിനിമാജീവിതത്തെപ്പറ്റി നടൻ അജു വർഗീസ്

January 22, 2022

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് അജു വർഗീസ്. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ അജു കഴിഞ്ഞ 10 വർഷമായി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. സിനിമനിർമാണത്തിലും സജീവമായ അജു മുന്നോട്ടുള്ള തന്റെ സിനിമാജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

ഒരേ പോലെയുള്ള കഥാപാത്രങ്ങളിൽ നിന്നുള്ള മാറ്റം ആഗ്രഹിച്ചാണ് താൻ സാജൻ ബേക്കറിയിലെയും ഹെലനിലെയും കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതെന്നാണ് അജു പറയുന്നത്. ഹെലനിൽ ഗൗരവക്കാരനായ പോലീസ് ഓഫീസറെ അവതരിപ്പിച്ച അജു സാജൻ ബേക്കറിയിൽ രണ്ട് കാലഘട്ടത്തിൽ ജീവിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ള രണ്ട് കഥാപാത്രങ്ങളെയാണ് സ്‌ക്രീനിലെത്തിച്ചത്.

ചിരിപ്പിക്കുന്ന വേഷങ്ങൾ താൻ ഒരുപാട് ചെയ്തുകഴിഞ്ഞു. ഇനി പ്രേക്ഷകർക്ക് പുതിയ അനുഭവങ്ങൾ നൽകുന്ന കഥാപാത്രങ്ങളാവാനാണ് താൻ താല്പര്യപ്പെടുന്നതെന്നും അജു പറഞ്ഞു. മിന്നൽ മുരളിയിലെ കഥാപാത്രത്തെ അങ്ങനെ ചെയ്തതാണെന്നും അജു കൂട്ടിച്ചേർത്തു. ഹ്യൂമറുണ്ടെങ്കിലും ഗൗരവക്കാരനായ ഒരാളായി അഭിനയിക്കാനാണ് സംവിധായകൻ ബേസിൽ തനിക്ക് തന്ന നിർദേശം. ഇത് വരെ ചെയ്യാത്ത ഒരു കഥാപാത്രമായി ആര് വന്നാലും താൻ സ്വീകരിക്കുമെന്നും അത്തരത്തിലുള്ള കഥാപാത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും അജു വർഗീസ് തുറന്ന് പറഞ്ഞു.

Read More: മകൾക്കൊപ്പം മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടൻ- വിഡിയോ

പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി വിജയകരമായി പ്രദർശനം തുടരുന്ന ‘ഹൃദയ’മാണ് അജുവിന്റെ ഏറ്റവും പുതിയ സിനിമ. നേരത്തെ ‘മിന്നൽ മുരളി’യിലെ അജുവിന്റെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു.

Story Highlights: Aju Varghese about his films in the future