ഒരിക്കൽ വിഷാദരോഗത്തിന് അടിമപ്പെട്ടവൾ, ഇന്ന് ലോകചാമ്പ്യൻ; ഇത് ആഷ്‌ലി ബാർട്ടിയുടെ തിരിച്ചുവരവിന്റെ കഥ

January 30, 2022

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഓസ്‌ട്രേലിയൻ താരമായ ആഷ്‍ലി ബാർട്ടിക്ക്. 44 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഓസീസ് താരം കിരീടം നേടുന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) എതിരാളിയായ യുഎസ് താരം ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയ ആഷ്‍ലി ടൂര്ണമെന്റിലുടനീളം ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെയാണ് കിരീടം സ്വന്തമാക്കിയത്.

ആദ്യമായി നാലാം വയസ്സിലാണ് ആഷ്‌ലി റാക്കറ്റ് കയ്യിലെടുക്കുന്നത്. ആറാം വയസ്സിൽ ആദ്യ കിരീടം സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് നിരവധി ജൂനിയർ ടെന്നീസ് ടൂർണമെന്റുകളിൽ ചാമ്പ്യനായി. 15-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടിയ ആഷ്‌ലി അതേ വര്‍ഷം വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടി.

പക്ഷെ ടൂര്ണമെന്റുകൾക്ക് വേണ്ടിയുള്ള തുടർച്ചയായ യാത്രകൾ ആഷ്‌ലിയെ മടുപ്പിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ആഷ്‌ലി അതേ ഏകാന്തതയെ വെറുത്ത് തുടങ്ങി. പതുക്കെ വിഷാദ രോഗത്തിലേക്ക് വീണ് തുടങ്ങിയ താരം തന്റെ പതിനേഴാം വയസ്സിൽ തൽക്കാലത്തേക്ക് ടെന്നീസ് കോർട്ടിനോട് വിട പറയാൻ തീരുമാനമെടുത്തു. അതിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിലേക്കാണ് ആഷ്‌ലി എത്തിയത്. ടീം സ്പിരിറ്റിന്റെ ആവേശത്തിൽ താരം പതുക്കെ തന്റെ ഏകാന്തതയുടെ വിഷമങ്ങൾ മറന്ന് തുടങ്ങി. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ട്വന്റി-20 ലീഗ് ആയ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനായി 10 മത്സരങ്ങള്‍ കളിച്ചു.

Read More: എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച ‘ബ്രോ ഡാഡി’- ഹൃദയംതൊടുന്ന കുറിപ്പുമായി നടി

രണ്ടു വര്‍ഷത്തെ ക്രിക്കറ്റിന് ശേഷം 2016-ല്‍ ആഷ്‌ലി വീണ്ടും കോര്‍ട്ടിലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷം 2019 ഫ്രഞ്ച് ഓപ്പൺ നേടിക്കൊണ്ട് താരം തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടി. 2021-ൽ വിംബിള്‍ഡണ്‍ നേടി 41 വര്‍ഷത്തിന് ശേഷം സിംഗിള്‍സില്‍ ആ നേട്ടം സ്വന്തമാക്കുന്ന വനിതാ ഓസീസ് താരമായി മാറിയ ആഷ്‌ലി ഇപ്പോൾ സ്വന്തം നാട്ടിൽ 44 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനാവുന്ന ഓസ്‌ട്രേലിയക്കാരിയായും റെക്കോർഡിട്ടിരിക്കുകയാണ്.

കായിക രംഗത്തെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ കൂടിയായി മാറിയിരിക്കുന്നു 25 കാരിയായ ആഷ്‌ലി ബാർട്ടിയുടേത്.

Story Highlights: Ashleigh Barty wins 2022 Australian open