അർഹതപ്പെട്ട സെലക്ഷനെന്ന് മുൻ പരിശീലകൻ; സഞ്ജു സാംസണ് ആശംസകളുമായി ബിജു ജോര്‍ജ്

February 20, 2022

ഇന്ത്യയിലുടനീളം ആരാധകരുള്ള മലയാളി ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയായ സഞ്ജു തകർപ്പൻ പ്രകടനങ്ങളിലൂടെ നിരവധി തവണ ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നാളുകൾക്ക് ശേഷം സഞ്ജു സാംസൺ തിരികെ ഇന്ത്യൻ ദേശീയ ടീമിലെത്തിയതിൽ സന്തോഷത്തിലാണ് ആരാധകർ.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പർ കൂടിയായ സഞ്ജുവിനെ തിരഞ്ഞെടുത്തത്. ബയോ ബബിള്‍ സിസ്റ്റത്തില്‍ നിന്ന് ഇടവേളയെടുത്ത ഋഷഭ് പന്തിന് പകരമാണ് സഞ്ജു ടീമിലെത്തിയത്.

ടീമിൽ തിരികയെത്തിയ സഞ്ജുവിന് നിരവധി പ്രമുഖർ ആശംസകൾ നേർന്നു. ഇക്കൂട്ടിത്തില്‍ സഞ്ജുവിന്റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജുമുണ്ടായിരുന്നു. ഫേസബുക്കിലാണ് അദ്ദേഹം ആശംസയുമായെത്തിയത്. ”അര്‍ഹതപ്പെട്ട സെലക്ഷന്‍, മികച്ച പ്രകടനം നടത്തുക.” എന്നാണ് ബിജു ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. ചെറുപ്പത്തില്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ സഞ്ജു മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ബിജു ജോര്‍ജിന്റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെയും ഫീല്‍ഡിംഗ് പരിശീലകൻ കൂടിയായിരുന്നു ബിജു ജോര്‍ജ്.

Read More: സേതുരാമയ്യർ ആദ്യമായി കേസ് ഡയറി തുറന്ന ദിവസം- ഓർമയിൽ സംവിധായകൻ

അതേസമയം പന്തിന് പുറമെ വിരാട് കോലിക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി 20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. ടി 20 പരമ്പരക്കുശേഷം നടക്കുന്ന ആദ്യ ടെസ്റ്റിന് മൊഹാലിയും രണ്ടാം ടെസ്റ്റിന് ബംഗലൂരുവും വേദിയാവും. ബംഗലൂരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായിരിക്കും.

Story Highlights: Biju George about Sanju’s selection