39 ആം വയസിൽ രഞ്ജി ട്രോഫിയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ശ്രീശാന്ത്

February 9, 2022

തിരിച്ച് വരവുകളുടെ കഥകൾ കായിക ലോകത്ത് നിരവധിയാണ്… കരിയർ അവസാനിപ്പിക്കുമെന്ന് കരുതിയ പരിക്കിൽ നിന്ന്, കുറെ കാലം വേട്ടയാടിയ തോൽ‌വിയിൽ നിന്ന്, അങ്ങനെ ചരിത്രത്തിൽ അത്ഭുതമെന്ന പദം കൊണ്ട് മാത്രം വിശേഷിപ്പിക്കാവുന്ന തിരിച്ച് വരവുകളുണ്ടായിട്ടുണ്ട്.

39 വയസെന്നത് ക്രിക്കറ്റിൽ വിരമിക്കലിന്റെയും വിരമിക്കലിനെ പറ്റി അത്രമേൽ ഗാഢമായി ചിന്തിക്കുകയും ചെയ്യേണ്ട പ്രായമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ തന്റെ 39-ആം വയസിൽ നീണ്ട ഇടവേളക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക്
തിരിയെത്തുകയാണ് എസ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആഭ്യന്തര ഫോർമാറ്റിൽ രഞ്ജി ട്രോഫിയോളം തിളക്കമുള്ള മറ്റൊന്നില്ല എന്നതാണ് സത്യം.

9 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് രഞ്ജി ട്രോഫിയിൽ കേരള ടീമിലേക്ക് തിരികെയെത്തുന്നത്. 2013 ലാണ് ശ്രീശാന്ത് അവസാനമായി രഞ്ജി ട്രോഫി കളിക്കുന്നത്. 7 വർഷത്തെ വിലക്കിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്ത് നേരത്തെ സയ്യിദ് മുഷ്താബ് അലി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിനായി കളിച്ചു. പ്രായം തളർത്താത്ത പോരാളിയായി രണ്ട് ടൂര്ണമെന്റിലും ശ്രീശാന്ത് വിക്കറ്റുകൾ നേടിയിരുന്നു. ഇത്തവണ ഐപിഎൽ മെഗാ താര ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റിലും ശ്രീശാന്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്രീശാന്തിനായി ടീമുകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.. ടിനു യോഹന്നാൻ പരിശീലകനായ കേരള ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബിയാണ് നയിക്കുന്നത് വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ.

Story highlights: sreesanth returns