സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കും എതിരെ പരാതി നൽകാം- പോർട്ടൽ ആരംഭിച്ച് കേരള സർക്കാർ
കേരളത്തിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അടുത്തിടെയായി സംഭവിച്ചത് സ്ത്രീധനത്തെ ചൊല്ലിയുള്ളതായിരുന്നു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും നിയമവിരുദ്ധമായിരിക്കുന്ന സാഹചര്യത്തിൽ പോലും സ്ത്രീധന പീഡനങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ യുവതികളുടെ വാർത്തകളും അതിനെച്ചൊല്ലിയുള്ള മരണങ്ങളും ആവർത്തിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിൽ സ്ത്രീധന പ്രശ്നങ്ങളെ കുറിച്ച് പരാതി നൽകാനായി പോർട്ടൽ ആരംഭിച്ചിരിക്കുകയാണ് കേരള സർക്കാർ. സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കും എതിരെ പരാതി നൽകാം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോർട്ടലിന്റെ വിശദവിവരങ്ങൾ പങ്കുവെച്ചത്.
മുഖ്യമന്ത്രിയുടെ കുറിപ്പ്;
നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം. അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിൻ്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുക എന്നതും അനിവാര്യമാണ്.
ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ (http://wcd.kerala.gov.in/dowry) പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
Read Also: ‘വൈകാതെ അശ്വിൻ കുംബ്ലെയെ മറികടക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ
ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല് തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സ്ത്രീധന സമ്പ്രദായം തുടച്ചു നിക്കാൻ മുന്നിട്ടിറങ്ങാനും ഏവരോടും അഭ്യർത്ഥിക്കുന്നു.
Story highlights- Complaints can be lodged against those who ask for and pay dowry;Kerala Government has launched a portal