കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎൽ എത്തുന്നു; ഉദ്‌ഘാടന മത്സരത്തിൽ കൊമ്പ് കോർക്കുന്നത് ചെന്നൈയും കൊൽക്കത്തയും

March 7, 2022

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. ആരാധകർക്കും കായികപ്രേമികൾക്കും സന്തോഷം നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഐപിഎല്ലിന്റെ സമയക്രമം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. മുംബൈയിലും പുനെയിലുമായി 65 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മാർച്ച് 26 ന് ചെന്നൈ- കൊൽക്കത്ത മത്സരത്തോടെ ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുന്നത്.

70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് ഈ സീസണിൽ ഉള്ളത്. ഇത്തവണ 2 ടീമുകൾ കൂടി വന്നതോടെ മത്സരങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. മാര്‍ച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രാബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍സ് ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പുനെയിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരം മാര്‍ച്ച് 29 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജാസ്ഥാന്‍ റോയല്‍സും തമ്മിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കുമ്പോൾ 15 വീതം മത്സരങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനവും വേദിയാകും.

Read More: പുറം കൈയിൽ കുറിച്ച ഫോൺ നമ്പറും, ബാഗുമായി ഒറ്റയ്ക്ക് യുക്രൈൻ അതിർത്തി കടന്ന പതിനൊന്നുകാരൻ; പിന്നിൽ ഉള്ളുതൊടുന്നൊരു കഥ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ 25% കാണികളെ അനുവദിക്കാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത്സരങ്ങളിലും പതിയെ കാണികളെ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കാണികൾ തിരികെയെത്തുന്നത് ഐപിഎല്ലിനെ അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും ബിസിസിഐയും കണക്ക് കൂട്ടുന്നത്.

2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങൾക്കും ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല. നേരത്തെ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ കളിപ്പിക്കരുതെന്ന് മറ്റു ടീമുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights: IPL match schedule