ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത; ഐപിഎല്ലിന് കാണികളുണ്ടാവുമെന്ന് ഉറപ്പായി

March 23, 2022

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസണായി വലിയ ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ഈ ശനിയാഴ്‌ച ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തോടെ ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം അരങ്ങേറുന്നത്.

ഐപിഎൽ മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നൊരു സ്ഥിരീകരണം ഇത് വരെ ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മത്സരങ്ങൾ നേരിട്ട് കാണാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയിലായിരുന്നു ആരാധകർ.

എന്നാലിപ്പോൾ കാണികളെ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തിലുള്ള ആരാധകരുടെ എല്ലാ ആശങ്കയും അകറ്റുന്ന ഒരു വാർത്തയാണ് ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎൽ നടക്കുന്ന മഹാരാഷ്ട്രയിൽ ഗവൺമെന്റ് ചുരുങ്ങിയത് 25% കാണികളെ എങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. അതേ സമയം ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. www.iplt20.com എന്ന ഓദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പന. കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക. വാങ്കഡെ, ഡിവൈ പാട്ടീല്‍ എന്നിവിടങ്ങളിലായി 20 മത്സരങ്ങള്‍ വീതവും ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലുമായി 15 കളികള്‍ വീതവുമാണ് നടക്കുക.

Read More: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം…

2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങൾക്കും ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല.

Story Highlights: IPL will have audience