മെഗാസ്റ്റാറിന്റെ തോളോടൊപ്പം അഭിനയിക്കാൻ സാധിച്ച മഹാഭാഗ്യം; രസകരമായ ചിത്രം പങ്കുവെച്ച് ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി

April 15, 2022

ദേവദത്ത് ഷാജി എന്ന പുതിയൊരു തിരക്കഥാകൃത്തിനെയാണ് ‘ഭീഷ്മപർവ്വം’ മലയാളത്തിന് നൽകിയത്. ഷോർട് ഫിലിമുകളിലൂടെ മലയാളം സിനിമ ലോകത്തേക്കെത്തിയ ദേവദത്ത് ‘കുമ്പളങ്ങി നൈറ്റ്‌സിൽ’ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു. സംവിധായകൻ ദിലീഷ് പോത്തനിലൂടെയാണ് ദേവദത്ത് അമൽ നീരദിലേക്കെത്തുന്നത്. ബിഗ്ബി എന്ന സിനിമയുടെ രണ്ടാം ഭാഗം ചെയ്യാനിരുന്ന അമൽ നീരദ് കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കാതെ വന്നതോടെയാണ് ദേവദത്തിന്റെ തിരക്കഥയായ ‘ഭീഷ്മപർവ്വം’ സിനിമയാക്കാൻ തീരുമാനിക്കുന്നത്. പിന്നീട നടന്നത് ചരിത്രമാണ്.

ഇപ്പോൾ ദേവദത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാവുന്നത്. ചിത്രത്തിൽ ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മഞ്ചൽ മമ്മൂട്ടിയുടെ മൈക്കിളപ്പൻ ചുമക്കുന്ന ഒരു സീനുണ്ട്. ആ സീനിൽ ശ്രീനാഥിന്റെ ഡ്യൂപ്പായി താനായിരുന്നു ഉണ്ടായിരുന്നതെന്നാണ് ദേവദത്ത് പറയുന്നത്. ഭീഷ്മപർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ “തോളോടൊപ്പം” അഭിനയിക്കാൻ സാധിച്ചു’ എന്ന കുറിപ്പോടെയാണ് ദേവദത്ത് രസകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

മാര്‍ച്ച് 3 നാണ് ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിലെത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. വലിയ കാത്തിരിപ്പിന് ശേഷം ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്.

Read More: മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് ഇനി കെജിഎഫ് 2 വിന്റെ പേരിൽ; മറികടന്നത് ‘ഒടിയന്റെ’ റെക്കോർഡ്

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story Highlights: Devadath Shaji shares interesting photos from bheeshmaparvam location