ഭക്തിഗാനങ്ങളിൽ നിറയുന്ന മാന്ത്രികത: മനസ് തുറന്ന് മലയാളത്തിന്റെ പ്രിയഗായിക കെ എസ് ചിത്ര…

April 1, 2022

സംഗീതം പോലെ സംഗീതപ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ചില ശബ്ദങ്ങളും…അത്തരത്തിൽ പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് മലയാളികളുടെ എക്കാലത്തെയും പ്രിയഗായിക കെ എസ് ചിത്രയും അവരുടെ അതിഗംഭീരമായ ശബ്ദവും.

ചിത്രാജിയുടെ പാട്ടുകളെ ഹൃദയംകൊണ്ടാണ് സംഗീതപ്രേമികൾ ആസ്വദിക്കുന്നത്. ഓരോ പാട്ടുകളെയും അത്രമേൽ മനോഹരമായി കേൾവിക്കാരിലേക്ക് എത്തിക്കുന്ന മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ലോകമെമ്പാടുമുണ്ട് ആരാധകർ. ഇപ്പോഴിതാ അറിവിന്റെ വേദിയിൽ പാട്ട് വിശേഷങ്ങൾക്കൊപ്പം മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയഗായിക കെ എസ് ചിത്ര.

ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലെ ചോദ്യങ്ങൾക്കൊപ്പം സംഗീതലോകത്തെ അനുഭവങ്ങളും പാട്ട് വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട് പ്രിയഗായിക. പ്രണയവും വിരഹവും വിപ്ലവവുമെല്ലാം തന്റെ പാട്ടുകളിൽ നിറയ്ക്കാറുള്ള ഈ അത്ഭുതഗായികയുടെ ഭക്തി ഗാനങ്ങളിലെ മാന്ത്രികതയും ഓരോ പാട്ട് പ്രേമികളും തൊട്ടറിഞ്ഞതാണ്. ഒരു കോടി വേദിയിൽ എത്തിയ ചിത്രാജിയോട് ഭക്തിഗാനങ്ങൾ അതിഗംഭീരമായി പാടുന്നതിനെക്കുറിച്ച് ചോദിക്കുന്നുണ്ട് അവതാരകനും ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡിയുമായ ആർ ശ്രീകണ്ഠൻ നായർ. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഓരോ മതത്തിലെയും ഗാനങ്ങൾ പാടുമ്പോൾ ചിലപ്പോൾ ആ വാക്കുകളുടെ അർത്ഥങ്ങൾ തനിക്ക് മനസിലാകാറില്ലെന്നും, അപ്പോഴൊക്കെ അവരിൽ നിന്നും അതിനെക്കുറിച്ച് കൃത്യമായി ചോദിച്ച് മനസിലാക്കിയ ശേഷമാണ് റെക്കോർഡിങ് തുടങ്ങുന്നതെന്നുമാണ് കെ എസ് ചിത്ര പറയുന്നത്.

Read also: മക്കളുടെ വിവാഹസത്കാരദിനത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ; മാതൃകയായി ഒരു കുടുംബം

ഹിന്ദു മതത്തിലെ എക്കാലത്തെയും പ്രിയഗാനം ‘കുടജാദ്രിയിൽ കുടികൊള്ളും..’ എന്ന പാട്ടും വേദിയിൽ ആലപിക്കുന്നുണ്ട് ചിത്രാമ്മ. പ്രിയഗായികയുടെ പാട്ടിൽ ഭക്തിസാന്ദ്രമാകുന്നുണ്ട് ‘ഒരു കോടി’ വേദിയും.

വിവിധ ഭാഷകളിലായി 25,000-ലധികം ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞ ചിത്രാജി ഇത്രയും വർഷക്കാലത്തെ തന്റെ സംഗീതജീവിതത്തെക്കുറിച്ചും ഒരു കോടി വേദിയിൽ മനസ് തുറക്കുന്നുണ്ട്.

Story highlights: KS Chrithra about devotional songs