ആൺസിംഹത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും മൃഗശാല ജീവനക്കാരനെ രക്ഷിച്ച് പെൺസിംഹം- അമ്പരപ്പിക്കുന്ന കാഴ്ച

May 17, 2022

മൃഗങ്ങളുടെ രസകരമായ വിഡിയോകൾക്ക് വിനോദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട് എന്ന് നിസംശയം പറയാം. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്ന രസകരമായ വിഡിയോകളിൽ ഇത്തരത്തിലുള്ളതും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, ഒരേസമയം അമ്പരപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്.

ഒരു മൃഗശാല ജീവനക്കാരനെ ആൺസിംഹം ആക്രമിക്കുന്ന കാഴ്ച്ചയാണ് വിഡിയോയിലുള്ളത്. പെട്ടെന്ന് അക്രമാസക്തനായ സിംഹം ജീവനക്കാരനെ മറിച്ചിട്ടിട്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്. മറ്റൊരു ജീവനക്കാരൻ രക്ഷയ്ക്കാൻ ശ്രമിക്കുമ്പോൾ ആൺസിംഹത്തെ പിന്തിരിപ്പിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ പാഞ്ഞടുക്കുകയാണ് പെൺസിംഹം. ആൺസിംഹത്തിന്റെ വാലിൽ കടിച്ചുവലിച്ചും തടഞ്ഞുമെല്ലാം പെൺസിംഹം ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം.

ഒടുവിൽ രണ്ട് മൃഗശാല ജീവനക്കാരെയും ആക്രമണകാരിയായ സിംഹത്തിൽ നിന്ന് പെൺസിംഹം രക്ഷിക്കുകയും ചെയ്യുന്നു. പൊതുവെ കൂട്ടത്തിലുള്ള മൃഗങ്ങൾ ആരെയെങ്കിലും ആക്രമിക്കുന്നത് കണ്ടാൽ കൂട്ടമായി ആക്രമിക്കുകയാണ് പതിവ്. എന്നാൽ, ഇവിടെ മറിച്ചാണ് സംഭവിച്ചത്. പെൺസിംഹത്തിന്റെ പെട്ടെന്നുള്ളതും കാര്യക്ഷമവുമായ പ്രതികരണമാണ് സിംഹത്തിന്റെ ശ്രദ്ധ തിരിക്കുകയും മൃഗശാല സൂക്ഷിപ്പുകാരന് ഓടിപ്പോകാൻ മതിയായ സമയം നൽകുകയും ചെയ്തത്.

Read also: ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

എന്തായാലും സിംഹം പെട്ടെന്ന് അക്രമണകാരിയായതിന് പിന്നിൽ ജീവനക്കാരൻ തന്നെയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. സിംഹത്തിന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കിയതാണ് ശാന്തനായിരുന്ന മൃഗം ആക്രമിക്കാൻ കാരണമെന്ന് ചിലർ കമന്റ്റ് ചെയ്യുന്നു. എന്തായാലൂം മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നേരിട്ട് മൃഗങ്ങളുമായി ഇടപെടുന്നതിനും ആളുകൾ വിഡിയോയ്ക്ക് താഴെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Story highlights- lioness comes to the rescue of zoo keeper from aggressive lion