ആവേശപ്പോരിൽ കൊൽക്കത്ത കീഴടക്കി ലഖ്‌നൗ പ്ലേ ഓഫിലേക്ക്…

May 18, 2022

അവസാന പന്തിലേക്ക് നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ 2 റൺസിന് കൊൽക്കത്തയെ തോൽപ്പിച്ച് ലഖ്‌നൗ പ്ലേ ഓഫ് ഉറപ്പാക്കി. ലഖ്‌നൗ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊൽക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

മാര്‍കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസായിരുന്നു. തുടർച്ചയായ പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറുകളും നേടിയ കൊൽക്കത്ത താരം റിങ്കു സിങ് 3 പന്തുകളിൽ 5 റൺസ് എന്ന നിലയിൽ കൊൽക്കത്ത അനായാസം വിജയം നേടുമെന്ന സ്ഥിതിയിലെത്തിച്ചു. എന്നാൽ അവസാന രണ്ട് പന്തുകളിൽ റിങ്കു സിങ്ങിനെയും ഉമേഷ് യാദവിനെയും പുറത്താക്കി സ്റ്റോയിനിസ് കൊൽക്കത്തയുടെ ഈ സീസണിലെ തേരോട്ടം അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങാനുള്ള ലഖ്‌നൗ നായകൻ കെ എൽ രാഹുലിന്റെ തീരുമാനം തീർത്തും ശരി വയ്ക്കുന്ന പ്രകടനമാണ് ടീമിന്റെ ഓപ്പണർമാരായ ഡികോക്കും രാഹുലും കൂടി കാഴ്‌ചവെച്ചത്. അവിശ്വസനീയമായ പ്രകടനത്തോടെ കൊൽക്കത്തയെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് ലഖ്‌നൗ താരം ക്വിന്‍റണ്‍ ഡികോക്ക് 70 പന്തിൽ പുറത്താവാതെ 140 റൺസ് എടുത്തത്. ഡികോക്കിന്റെ സെഞ്ചുറിയുടെയും നായകൻ കെ എൽ രാഹുൽ നേടിയ 68 റൺസിന്റെയും ബലത്തിലാണ് വിക്കറ്റൊന്നും പോവാതെ 210 റൺസ് ലഖ്‌നൗ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ നേടിയത്.

Read More: ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌; ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…

ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. ലഖ്‌നൗ ടീമിൽ ക്രുനാല്‍ പാണ്ഡ്യ, ദുഷ്‌മന്ത ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവർ അന്തിമ ഇലവനിലെത്തിയപ്പോൾ കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ ടീമിലെത്തുകയായിരുന്നു.

Story Highlights: Lucknow beats kolkata by 2 runs