“കിളിയെ കിളിയെ..”; സംഗീത സാമ്രാട്ട് ഇളയരാജയുടെ അതിമനോഹരമായ ഗാനവുമായി പാട്ടുവേദിയുടെ മനസ്സ് കവർന്ന് മിയക്കുട്ടി

June 3, 2022

പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വിധികർത്താക്കളുടെ കൈയടി ഏറ്റുവാങ്ങിയിരിക്കുകയാണ് മിയക്കുട്ടി.

മലയാളത്തിലെ പ്രമുഖ സംവിധായകൻ ജോഷിയുടെ ‘ആ രാത്രി’ എന്ന ചിത്രത്തിലെ “കിളിയെ കിളിയെ, മണി മണിമേഘ തോപ്പിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് മിയക്കുട്ടി പാട്ടുവേദിയിൽ ആലപിച്ചത്. സംഗീത സാമ്രാട്ട് ഇളയരാജ സംഗീതം നൽകിയ ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പൂവച്ചൽ ഖാദറാണ്. എസ് ജാനകിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Miya impresses judges with an ilayaraja song