“പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്‌കൂളാണ്..”; കടുവ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെച്ച് സംയുക്ത

July 19, 2022

തിയേറ്ററുകളിൽ വിജയത്തേരോട്ടം തുടരുകയാണ് ഷാജി കൈലാസിന്റെ കടുവ. വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്.

കടുവയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാനായി ചിത്രത്തിലെ നായിക സംയുക്ത അറിവിന്റെ വേദിയിൽ എത്തിയിരുന്നു. ആദ്യ പോസ്റ്റർ പുറത്തിറങ്ങിയ നാൾ മുതൽ സിനിമയെ ആവേശത്തോടെയാണ് താൻ കാത്തിരുന്നതെന്ന് പറയുകയാണ് താരം. അപ്പോൾ സംയുക്ത ചിത്രത്തിന്റെ ഭാഗമായിരുന്നില്ല. പിന്നീട് 2021 ലാണ് താരത്തെ തേടി ചിത്രത്തിലെ നായക കഥാപാത്രമായ എൽസയെ അവതരിപ്പിക്കാനുള്ള അവസരം തേടിയെത്തുന്നത്. വലിയ സന്തോഷമാണ് അന്ന് തനിക്ക് തോന്നിയതെന്നും സംയുക്ത കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് ഒരു സഞ്ചരിക്കുന്ന ഫിലിം സ്‌കൂളാണെന്നും സംയുക്ത വേദിയിൽ പറഞ്ഞു. സിനിമയുടെ എല്ലാ മേഖലകളെ കുറിച്ചും പൃഥ്വിക്ക് വലിയ അറിവുണ്ടെന്നും കടുവയുടെ ചിത്രീകരണ സമയത്ത് തന്നെ ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷനിലും എമ്പുരാന്റെ സ്ക്രിപ്റ്റിംഗിലും താരം വർക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും സംയുക്ത വേദിയിൽ പറഞ്ഞു.

Read More: ഇത് ഡയറക്ടർ മോഹൻലാൽ; ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

പൃഥ്വിരാജ് ചിത്രമായ ആദം ജോണിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Story Highlights: Samyuktha shares her experience shooting kaduva