മൂന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്ക…

October 11, 2022

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു.14 ഓവർ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതോടെ 1-1ന് സമനിലയിലാണ്. ഈ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പരമ്പര നേടുക എന്ന വെല്ലുവിളിയാണ് ടീം ഇന്ത്യ നേരിടുന്നത്.

ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. ഡേവിഡ് മില്ലറാണ് ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നായകൻ.

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ , വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, യെനെമാൻ മലാൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (ക്യാപ്റ്റൻ), മാർക്കോ ജാൻസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, എൻറിക് നോർട്ട്ജെ.

Read More: “ഈ ഗോൾ എന്റെ മകൾക്ക് വേണ്ടി..”; ഗോൾ നേട്ടം മകൾക്ക് സമർപ്പിച്ച് വിതുമ്പി അഡ്രിയാൻ ലൂണ

അതേ സമയം കാര്യവട്ടത്ത് നടന്ന ആദ്യ ടി 20 മത്സരത്തിൽ 20 പന്തുകളും 8 വിക്കറ്റുകളും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വമ്പൻ വിജയമാണ് ടീം ഇന്ത്യ നേടിയത്. അർധസെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റുകൾ നേടിയ അർഷ്ദീപ് സിങ്ങും രണ്ട് വീതം വിക്കറ്റുകൾ നേടിയ ദീപക്ക് ചാഹറും ഹർഷൽ പട്ടേലും ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

Story Highlights: India won the toss and elected to bowl