വിരാടപർവ്വം; കോലിയുടെ തകർപ്പൻ ബാറ്റിങ്ങിൽ അവസാന പന്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം

October 23, 2022

തിരിച്ചു വരവിൻറെ പല കഥകളും കായിക രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി മുതൽ കായിക ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടുന്ന ഒരധ്യായമായി വിരാട് കോലിയുടെ തിരിച്ചു വരവ് മാറും. താരത്തിന്റെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. പാകിസ്ഥാനെതിരെ 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്.

2022 വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാലിന്ന് കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറിയിരിക്കുകയാണ് താരം. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.

4 വിക്കറ്റിനാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൊയ്‌തത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മികച്ച പിന്തുണയാണ് കോലിക്ക് നൽകിയത്. അവസാന പന്തിൽ ബൗണ്ടറി നേടിയ അശ്വിന്റെ പ്രകടനത്തിനും ആരാധകർ ഇപ്പോൾ കൈയടിക്കുകയാണ്.

Read More: 39-മത് സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എറണാകുളം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് അനുകൂലമായിരുന്നെങ്കിലും കാലാവസ്ഥ പരിഗണിച്ചാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിങിനയച്ചത്. ഈ തീരുമാനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

Story Highlights: Kohli leads india to victory against pakisthan