“പുലയനാര്‍ മണിയമ്മ..”; മനസ്സ് നിറയ്ക്കുന്ന ആലാപന മികവുമായി പാട്ടുവേദിയിൽ പ്രാർത്ഥനക്കുട്ടി

October 19, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ അതിമനോഹരമായ ഒരു പ്രകടനമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. കുഞ്ഞു ഗായികയായ പ്രാർത്ഥനക്കുട്ടിയുടെ ആലാപന മികവിൽ പാട്ടുവേദിയുടെ മനസ്സ് നിറയുകയായിരുന്നു. “പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ..” എന്ന് തുടങ്ങുന്ന ഗാനമാണ് കൊച്ചു ഗായിക വേദിയിൽ പാടിയത്. ‘പ്രസാദം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വി.ദക്ഷിണാമൂർത്തിയാണ്. എസ്.ജാനകിയമ്മ ചിത്രത്തിൽ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി.ഭാസ്‌ക്കരൻ മാഷാണ്.

മനസ്സ് തൊടുന്ന ആലാപന മികവോടെ ഈ ഗാനം ആലപിച്ച് പ്രാർത്ഥനക്കുട്ടി വേദിയുടെ കൈയടി ഏറ്റുവാങ്ങുകയായിരുന്നു. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലെത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു.

Read More: ‘ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി..’- മാതൃത്വത്തെകുറിച്ച് മനസുതുറന്ന് കാജൽ അഗർവാൾ

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനായിരുന്നു ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Prarthana impresses audience with a beautiful performance