ഖേലോ ഇന്ത്യയിൽ 5 സ്വർണ്ണവും രണ്ടു വെള്ളിയും നേടി നടൻ മാധവന്റെ മകൻ

February 13, 2023

അച്ഛൻ അഭിനയമേഖലയിൽ താരമെങ്കിൽ മകൻ നീന്തലിലാണ് താരം. പറഞ്ഞുവരുന്നത് നടൻ മാധവന്റെയും മകൻ വേദാന്തിന്റെയും കാര്യമാണ്. നീന്തലിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച വേദാന്ത് ഇപ്പോഴിതാ, കരിയറിൽ മറ്റൊരു പൊൻതൂവൽകൂടി ചേർത്തിരിക്കുകയാണ്. മധ്യപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ തന്റെ മകൻ വേദാന്ത് അഞ്ച് സ്വർണവും രണ്ട് വെള്ളിയും നേടിയതായി നടൻ മാധവനാണ് പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് മാധവൻ തന്റെ ആരാധകരോട് സന്തോഷം പങ്കുവെച്ചത്. ‘ഫെർണാണ്ടസ് അപേക്ഷ (6 സ്വർണം, 1 വെള്ളി, PB റെക്കോർഡുകൾ), വേദാന്ത് മാധവൻ (5 സ്വർണം, 2 വെള്ളി) എന്നിവരുടെ പ്രകടനത്തിൽ വളരെ നന്ദിയും വിനയവും. അചഞ്ചലമായ പരിശ്രമങ്ങൾക്ക് അധ്യാപകർക്ക് നന്ദി. ദൈവാനുഗ്രഹത്താൽ – 100 മീറ്ററിലും 200 മീറ്ററിലും 1500 മീറ്ററിലും സ്വർണ്ണവും 400 മീറ്ററിലും 800 മീറ്ററിലും വെള്ളിയും നേടി’- മാധവൻ കുറിക്കുന്നു.

വേദാന്ത് 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ നീന്തലിൽ സ്വർണവും 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിൽ വെള്ളിയും നേടി. കുറിപ്പിനൊപ്പം, മാധവൻ മെഡലുകളുമായുള്ള മകന്റെ ചിത്രങ്ങളും പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ വേദാന്തിന് അഭിനന്ദന പ്രവാഹമാണ്. മാതൃക അച്ഛൻ-മകൻ ജോഡി എന്നാണ് വേദാന്തിനെയും മാധവനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. 2019-ൽ ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമടക്കമാണ് വേദാന്ത് കരസ്ഥമാക്കിയത്.

അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്‌ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.

Story highlights- R Madhavan is a proud dad as son Vedaant wins 5 gold, 2 silver medals