രാം ചരണിനൊപ്പം “നാട്ടു നാട്ടു” ചുവട് വെച്ച് ആനന്ദ് മഹീന്ദ്ര; തന്നെക്കാൾ വേഗത്തിൽ പഠിച്ചുവെന്ന് താരം-വിഡിയോ

February 13, 2023

ഞെട്ടിപ്പിക്കുന്ന വിജയമാണ് രാജമൗലി ചിത്രം ‘ആർആർആർ’ നേടിയത്. ഇന്ത്യയിൽ എക്കാലത്തെയും വലിയ ബോക്‌സോഫിസ് വിജയം സ്വന്തമാക്കിയ ചിത്രം വളരെ പെട്ടെന്നാണ് അമേരിക്കയിലടക്കം തരംഗമായി മാറിയത്. ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിലും ചിത്രം ആദരിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സംഗീത സംവിധായകൻ എം.എം കീരവാണി ഏറ്റുവാങ്ങി.

അവിശ്വനീയമായ ജനപ്രീതിയാണ് “നാട്ടു നാട്ടു” എന്ന ഗാനത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ താരമായ രാം ചരൺ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്രയെ “നാട്ടു നാട്ടു” ഗാനത്തിലെ സ്റ്റെപ്പ് പഠിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആനന്ദ് മഹീന്ദ്ര തന്നെയാണ് വിഡിയോ ട്വീറ്റ് ചെയ്‌തത്‌. തന്നെക്കാൾ വേഗത്തിൽ ആനന്ദ് മഹീന്ദ്ര ചുവടുകൾ പഠിച്ചുവെന്ന് രാം ചരൺ ട്വീറ്റിന് മറുപടിയായി കുറിച്ചു.

Read More: ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയിൽ ചുവടുവെച്ച് അർജുൻ അശോകൻ- വിഡിയോ

അതേ സമയം ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിനിടയിൽ രാജമൗലിയും ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്‌പിൽബെർഗും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്‌. ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിരുന്നു. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. “നാട്ടു നാട്ടു” ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു. ബാഹുബലി അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ആളാണ് കീരവാണി.

Story Highlights: Ram charan teaches anand mahendra dance steps