ധർമ്മത്തിന്റെ ആലയമായി ഒരു ഗ്രാമം ; ധർമ്മശാല എന്ന ഹിമാലയൻ ഗ്രാമം

April 3, 2023

ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ശൈത്യകാലത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമമാണ് ധർമ്മശാല. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയുടെ ഭരണപരമായ ആസ്ഥാനം കൂടിയാണ് ഇവിടം. ബ്രിട്ടീഷ് രാജിന് മുൻപ് മുതലുള്ള അതി സമ്പന്നമായ ചരിത്രം പറയാനുണ്ട് ധർമ്മശാലയ്ക്ക്. ധർമ്മത്തിന്റെ വീട് അല്ലെങ്കിൽ ധർമ്മം വസിക്കുന്ന സ്ഥലം എന്ന അർത്ഥമാണ് ധർമ്മശാല എന്ന വാക്കിനർത്ഥം. സാധാരണയായി ഹിന്ദി പ്രയോഗത്തിൽ ഈ വാക്കിനർത്ഥം ആത്മീയ തീർത്ഥാടകർക്കുള്ള ഒരു അഭയകേന്ദ്രമെന്നോ വിശ്രമകേന്ദ്രമെന്നോ ആണ്. മുൻപ് ഇത്തരം അഭയകേന്ദ്രങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

ഇടതൂർന്ന ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഹിമാചലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ആയിരക്കണക്കിന് ടിബറ്റൻ നിവാസികൾ ഈ ഗ്രാമത്തിൽ വസിക്കുന്നു. ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്കൂളുകളും ഹോട്ടലുകളും നിരവധി റെസ്റ്റോറന്റുകളുമുള്ള ഒരു ടുറിസ്റ് കേന്ദ്രമാണിവിടം. ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ധർമ്മശാലയിലുള്ളത്.

Read Also: മാസ്‌ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

അരി, ഗോതമ്പ്,തേയില എന്നിവ ഈ താഴ്വരകളിലെ പ്രധാന കൃഷിയിനങ്ങളാണ്. പ്രശസ്തമായ കാൻഗ്ര തേയില ഉത്പാദിപ്പിക്കുന്ന സമൃദ്ധമായ തേയിലത്തോട്ടങ്ങൾ ഈ ഗ്രാമത്തിന്റെ സമ്പത്താണ്. കാൻഗ്രയിൽ ഉണ്ടാകുന്ന ഗ്രീൻ ടീ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ് അടങ്ങിയതാണെന്നും കണക്കാക്കപ്പെടുന്നു. ഈ സവിശേഷതകൾ എല്ലാം കൊണ്ട് തന്നെ ധർമ്മശാല സഞ്ചാരികൾക്ക് പ്രിയങ്കരമാവുകയാണ്.

Story highlights- The Dharamshala village of Himalaya