പിതാവ് മരണമടഞ്ഞിട്ട് നാലുവർഷം; വീണ്ടും ആ ഹൃദയമിടിപ്പ് കേട്ട് മക്കൾ

July 28, 2023

ഹൃദ്യമായ നിമിഷങ്ങളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. മനസ്സുനിറയ്ക്കുന്നതും കൗതുകം പകരുന്നതുമായ ഇത്തരം അനുഭവങ്ങൾ എല്ലാവരിലും സന്തോഷവും ആനന്ദക്കണ്ണീരും നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വേറിട്ട ഹൃദ്യനിമിഷം ശ്രദ്ധേയമാകുകയാണ്. ആളുകൾ മരണമടയുമ്പോൾ അവരുടെ ഓർമയ്ക്കായി പലതും സൂക്ഷിക്കാറുണ്ട് അടുപ്പമുള്ളവർ. ടെക്‌നോളജി വളർന്നതോടെ ശബ്ദവും വിഡിയോകളുമെല്ലാം ഈ സൂക്ഷിച്ചുവയ്ക്കലുകൾക്ക് മുതൽക്കൂട്ടേകി. ഇപ്പോഴിതാ, അച്ഛന്റെ ഹൃദയമിടിപ്പ് അദ്ധേഹത്തിന്റെ മരണശേഷം കേൾക്കുകയാണ് മക്കൾ.

യുഎസിലെ കണക്റ്റിക്കട്ടിൽ നിന്നുള്ള മൂന്ന് സഹോദരിമാരാണ് അന്തരിച്ച പിതാവിന്റെ ഹൃദയമിടിപ്പ് നാലുവര്ഷത്തിനു ശേഷം കേട്ടത്. അദ്ദേഹം മരിച്ച് നാല് വർഷത്തിന് ശേഷം, അവയവദാനത്തിന്റെ സഹായത്തോടെയാണ് അവർക്ക് ആ ഹൃദയമിടിപ്പ് കേൾക്കാൻ സാധിച്ചത്. പിതാവിന്റെ ഹൃദയം ഏറ്റുവാങ്ങിയ ആളെ ഈ സഹോദരങ്ങൾ കണ്ടുമുട്ടുന്ന ഹൃദയസ്പർശിയായ വിഡിയോ ശ്രദ്ധനേടുകയാണ്.

റിപ്പോർട്ട് അനുസരിച്ച്, കണക്റ്റിക്കട്ടിലെ മെറിഡനിൽ നിന്നുള്ള 22 കാരിയായ കിസാന്ദ്ര സാന്റിയാഗോ 2019-ൽ പിതാവിന്റെ മരണശേഷം തന്റെ പിതാവിന്റെ ഹൃദയം ദാനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദിവസം തനിക്കും തന്റെ സഹോദരങ്ങൾക്കും ആ ഹൃദയമിടിപ്പ് കേൾക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. പിതാവ് ദാനം ചെയ്ത ഹൃദയം സ്വീകരിച്ചയാളെ കണ്ടെത്താൻ തീരുമാനിച്ച കിസാന്ദ്ര അത് തന്റെ ദൗത്യമാക്കിയെടുത്തു. നാല് വർഷത്തിന് ശേഷം അവളുടെ ആഗ്രഹം സഫലമായി.

യുവതിയുടെ പിതാവ് എസ്റ്റെബാൻ സാന്റിയാഗോ, 39-ആം വയസ്സിൽ മെഡിക്കൽ എമർജൻസിയെത്തുടർന്ന് മരിച്ചതാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിചെങ്കിലും അദ്ദേഹം ഒടുവിൽ കോമയിലേക്ക് പോയി. തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പരേതനായ പിതാവിന്റെ ആഗ്രഹത്തെ മാനിച്ച്, കുടുംബം ആ ഹൃദയം ആവശ്യമുള്ള ഒരാൾക്ക് സമ്മാനിക്കാൻ തീരുമാനിച്ചു.

Read also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

ഈ തീരുമാനം 2016 ൽ ഒരു വാഹനാപകടത്തിനെ തുടർന്ന് പരിക്കുകൾക്കും ശസ്ത്രക്രിയയ്ക്കും ഒന്നിലധികം ഹൃദയസ്തംഭനങ്ങൾക്കും വിധേയനായ പീറ്റർ ടർസറിന്റെ ജീവൻ രക്ഷിച്ചു. 2019 ജൂലൈയിൽ, എസ്തബാൻ സാന്റിയാഗോയുടെ ഹൃദയം അദ്ദേഹത്തിന് ലഭിച്ചു.അങ്ങനെ രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ഹൃദയ ദാതാവിന്റെ മക്കൾ സന്ദർശിച്ച ഹൃദയ നിമിഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Story highlights- Siblings listen to their father’s heartbeat 4 years after his death