‘സ്റ്റോപ്പ് ക്ലോക്ക്’; സമയനിഷ്ഠത പാലിക്കാന്‍ നടപടിയുമായി ഐസിസി

November 23, 2023
What is stop clock rule in cricket

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സമയനിഷ്ഠത പാലിക്കാന്‍ നടപടിയുമായി ഐസിസി. ലോകകപ്പ് ക്രിക്കറ്റിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലും ടി20 ഫോര്‍മാറ്റിലും പുതിയ നിയമം നടപ്പിലാക്കുന്നത്. ബോളിങ്ങില്‍ ഓവറുകള്‍ക്കിടയില്‍ സമയക്രമം പാലിക്കാതെ വന്നാല്‍ ഫീല്‍ഡിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് ഐസിസി അധികൃതരുടെ തീരുമാനം. ( What is stop clock rule in cricket )

ഒരു ഓവര്‍ പൂര്‍ത്തിയാക്കി അടുത്ത ഓവര്‍ ആരംഭിക്കാന്‍ പരമാവധി ഒരു മിനുട്ടാണ് ബോളിങ്ങ് ടീമിന് അനുവദിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാല്‍ ആദ്യ രണ്ട് തവണ മുന്നറിയിപ്പ് നല്‍കും. മൂ്ന്നാം തവണയും പിഴവ് ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് ലഭിക്കും. ഏകദിനത്തിലും ടി-20യിലും ഓവര്‍ നിരക്ക് പാലിക്കുന്നത് ഉറപ്പാക്കാനായി സ്റ്റോപ്പ് ക്ലോക്ക് സമ്പ്രദായം ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

Read Also: ഡൽഹിയിലെ ഖാൻ മാർക്കറ്റ്; ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ട്രീറ്റ് മാർക്കറ്റ് പട്ടികയിൽ

ബോളിങ്ങ് ടീമിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതായിരിക്കും പുതിയ നിയമമെന്ന് ആശങ്കയുണ്ട്. ഇതോടെ നിശ്ചിത സമയത്തിനകം ഫീല്‍ഡിങ്ങ് ക്രമീകരണം പൂര്‍ത്തിയാക്കി മത്സരം പുനരാരംഭിക്കാന്‍ ക്യാപ്റ്റനും കളിക്കാരും നിര്‍ബന്ധിതരാകും.

2022-ല്‍, സ്ലോ ഓവര്‍ നിരക്കിനെ ചെറുക്കുന്നതിനായി ഐസിസി ഏകദിനത്തിലും ടി20യിലും ഇന്‍-മാച്ച് പെനാല്‍റ്റി ഏര്‍പ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തിനകം ഫീല്‍ഡിങ് ടീം അവസാന ഓവര്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 30-യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്ന് ഒരു ഫീല്‍ഡറുടെ എണ്ണം കുറയ്ക്കുക എന്നതാണ്. ഐസിസിയുടെ വ്യവസ്ഥകള്‍ പ്രകാരം സ്ലോ ഓവര്‍ നിരക്കുകള്‍ക്കായി ടീമുകള്‍ അടയ്ക്കേണ്ട പണ പിഴയ്ക്ക് പുറമേയാണ് ഈ നിയമം.

Story Highlights: What is stop clock rule in cricket.