‘ജനനം മുതല്‍ വൃക്കരോഗം, ഡോക്ടര്‍ വിധിച്ചത് 12 വര്‍ഷത്തെ ആയുസ്’; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍

December 14, 2023

വിട്ടുമാറാത്ത വൃക്ക രോഗവുമായി താന്‍ പോരാടുകയാണെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ജനനം മുതല്‍ താന്‍ രോഗബാധിതനാണ്. ഗര്‍ഭാവസ്ഥയില്‍ തന്നെ രോഗം കണ്ടെത്തിയിരുന്നുവെന്നും പ്രത്യേകമായി രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ചികിത്സിച്ച് ഭേദപ്പെടുത്താനാകില്ലെന്നും താരം ഒരു സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ( Cameron Green reveals he’s suffering from chronic kidney disease )

‘ജനനസമയത്ത് തന്നെ എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഗര്‍ഭാവസ്ഥയുടെ 19-ാം ആഴ്ച നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് രോഗം കണ്ടെത്തിയത്. നിര്‍ഭാഗ്യവശാല്‍ മറ്റുള്ളവരുടെ വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നില്ല. നിലവില്‍ വൃക്കയുടെ പ്രവര്‍ത്തനം 60 ശതമാനം മാത്രമാണെന്നും അഞ്ചാം ഘട്ടത്തിലേക്ക് എത്തിയാല്‍ വൃക്ക മാറ്റിവെക്കുകയോ, ഡയാലിസിസോ വേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കരിയറില്‍ ഉടനീളം രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിഞ്ഞതായി ഗ്രീന്‍ പറഞ്ഞു. ഇതേ വൃക്കരോഗം ബാധിച്ച മറ്റുള്ളവരെപ്പോലെ തനിക്ക് ശാരീരികമായി രോഗം ബാധിക്കാത്തത് ഭാഗ്യമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 12 വയസിന് ശേഷവും കാമറൂണ്‍ അതിജീവിക്കുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉണ്ടായിരുന്നതായി ഗ്രീനിന്റെ പിതാവ് ഗാരിയും വെളിപ്പെടുത്തി.

Read Also : ‘ലോകകപ്പിലെ ഹീറോ പരിവേഷം’; അര്‍ജുന അവാര്‍ഡ് ശുപാര്‍ശ പട്ടികയില്‍ മുഹമ്മദ് ഷമിയും

2022-ല്‍ ടി-20യിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രീന്‍, കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ ഫോര്‍മാറ്റുകളിലും ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗമാണ്. ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തി ആറാം ലോകകിരീടം നേടിയ ടീമിലും ഗ്രീന്‍ ഉണ്ടായിരുന്നു. നിലവില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് ടീമില്‍ അംഗമാണെങ്കിലും ബെഞ്ചിലാണ്.

Story highlights : Cameron Green reveals he’s suffering from chronic kidney disease