രണ്ടുലക്ഷത്തോളം ജനങ്ങൾ ഒന്നിച്ച് അപ്രത്യക്ഷമായ സ്ഥലം; നിഗൂഢത പേറി പൈതൃക നഗരമായ ടിയോടിയുവാകാൻ

December 14, 2023

വിനോദ സഞ്ചാരികൾക്കും നിഗൂഢതകൾ ഇഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് മെക്‌സിക്കോയിലെ ടിയോടിയുവാകാൻ. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ഭൂപ്രദേശമാണ് ഇത്. പിരമിഡുകളും അതിന്റെ നിർമിതിയുടെ പ്രത്യേകത കൊണ്ടും നിഗൂഢ സംഭവങ്ങൾകൊണ്ടും സമ്പന്നമാണ് ടിയോടിയുവാകാൻ.

മെക്സിക്കോ സിറ്റിയുടെ 50 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് വളരെ പുരാതനമായ ഈ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. 1987ൽ തന്നെ യുനെസ്കോയുടെ പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ടിയോടിയുവാകാൻ ഇടം നേടിയിരുന്നു. ഏറ്റവും വലിയ പ്രത്യേകത ബി സി 400 മുതൽ തന്നെ രണ്ടുലക്ഷത്തിലധികം ആളുകൾ തിങ്ങി പാർത്തിരുന്ന നഗരപ്രദേശമായിരുന്നു ഇവിടം. എഡി 1400ൽ ആസ്ടെക്കുകളാണ് ഇവിടം കണ്ടെത്തിയത്. ദൈവങ്ങൾ സൃഷ്ടിക്കപ്പെടുന്ന സ്ഥലം എന്ന അർത്ഥം വരുന്ന ‘ടിയോടിയുവാകാൻ’ എന്ന പേര് ആസ്ടെക്കുകൾ നൽകിയതാണ്. പക്ഷെ, ആസ്ടെക്കുകൾ ഈ സ്ഥലം കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് ടിയോടിയുവാകാനിലെ ജനങ്ങളെല്ലാം അപ്രത്യക്ഷരായിരുന്നു.

ഇന്നും ദുരൂഹമാണ് ആളുകൾ കൂട്ടത്തോടെ അപ്രത്യക്ഷമായത്. എന്തെങ്കിലും അക്രമണത്താലോ പകർച്ചവ്യാധിയാലോ ജനങ്ങൾ മരിച്ചതാണോ, മറ്റേതെങ്കിലും സ്ഥലത്തേക്ക് പാലായനം ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർ എവിടെനിന്നും വന്നു, എന്തായിരുന്നു ആചാരങ്ങൾ, അവരുടെ സംസ്‌കാരം ഒന്നും ഇന്നും ആർക്കും കണ്ടെത്താനാകാത്ത രഹസ്യമായി തുടരുകയാണ്.

കംപ്യൂട്ടറിന്റെ സർക്യൂട്ട് മാതൃകയിലാണ് ടിയോടിയുവാകാനിലെ പിരമിഡുകൾ സ്ഥിതി ചെയ്യുന്നത്. 20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്. ഒരുനിലയിലുള്ള 2000 കെട്ടിടങ്ങൾ ഇവിടെയുണ്ട്. അതോടൊപ്പം പിരമിഡുകൾ, ക്ഷേത്രങ്ങൾ, വൈദികരുടെ താമസസ്ഥലങ്ങളുമെല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു. അതുപോലെ തന്നെ സൂര്യന് ചുറ്റും ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന മാതൃകയിലാണ് പിരമിഡുകൾ നിർമിച്ചിരിക്കുന്നത്.

READ ALSO: ‘ലോകകപ്പിലെ ഹീറോ പരിവേഷം’; അര്‍ജുന അവാര്‍ഡ് ശുപാര്‍ശ പട്ടികയില്‍ മുഹമ്മദ് ഷമിയും

ഇതുവരെയുള്ള ഗവേഷണങ്ങളിൽ കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും ആയുധങ്ങളുമെല്ലാം ഈ പ്രദേശത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ നിർമിതിയാണ് ഏറ്റവും ശ്രദ്ധേയം. ഇവിടുത്തെ നിർമിതികളിലെല്ലാം മൈക്കയുടെ സാന്നിധ്യമുണ്ട്. ഈ പ്രദേശത്ത് മൈക്ക ഇല്ല താനും. മെക്സിക്കോയിൽ നിന്നും 3000 മൈൽ അകലെയുള്ള ബ്രസീലിൽ മാത്രമാണ് മൈക്ക ഉള്ളത്. ഇത്ര ദൂരെ നിന്നും എങ്ങനെ എത്തിച്ചെന്നും , എങ്ങനെ കുഴിച്ചെടുത്തെന്നുമൊക്കെ അവ്യകതമാണ്. നിഗൂഢതയുടെ സൗന്ദര്യം പേറി സഞ്ചാരികളെ സ്വീകരിക്കുകയാണ് ടിയോടിയുവാകാൻ.

Story highlights- History of Teotihuacan dynasty