വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തത് കാലുകൊണ്ട് ; ഇന്ത്യന്‍ താരം പുറത്തായത് ഇങ്ങനെ..!

December 12, 2023

ഐസിസി അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് പുരോഗമിക്കുകയാണ്. യു.എ.ഇയാണ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാന് മുന്നില്‍ പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റിനായിരുന്നു പാക് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 259 റണ്‍സെടുത്തപ്പോള്‍, രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ വിജയലക്ഷ്യം മറികടന്നത്. ( Pak wicketkeeper catches ball with legs to dismiss Indian batter )

എന്നാല്‍ മത്സരത്തിലെ ഇന്ത്യന്‍ തോല്‍വിയെക്കാള്‍ മറ്റൊരു കാര്യമാണ് ക്രക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഇന്ത്യന്‍ താരത്തിന്റെ പുറത്താകലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യക്കായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ആദര്‍ശ് സിങിന്റെ വ്യത്യസ്തമായ പുറത്താകലാണ് ആരാധകരുടെ ചര്‍ച്ച പിടിച്ചുപറ്റിയത്.

ഓപ്പണറായി ഇറങ്ങിയ ആദര്‍ശ് 81 പന്തില്‍ 62 റണ്‍സുമായി നില്‍ക്കെ മൂന്നാമനായാണ് പുറത്തായത്. പാക് സ്പിന്നര്‍ അറഫാത് മിന്‍ഹാസിന്റെ പന്ത് ആദര്‍ശിന്റെ ബാറ്റില്‍ ഉരസി വിക്കറ്റ് കീപ്പറുടെ സമീപത്തേക്ക് നീങ്ങി. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സാദ് ബൈഗിന് കയ്യിലൊതുക്കാനായില്ലെങ്കിലും ആദര്‍ശ് പുറത്തായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

ബാറ്റില്‍ ഉരസി പിന്നിലേക്ക് പോയ പന്ത് കീപ്പറുടെ കലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പാകിസ്ഥാന്‍ താരങ്ങള്‍ ശക്തമായ അപ്പീലാണ് ചെയ്തത്. ഇതോടെ കൈ കൊണ്ടു പിടിച്ചില്ലെങ്കിലും പന്ത് നിലം തൊടാത്തതിനാല്‍ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. അസാന്‍ അവൈസ് പുറത്താകാതെ നേടിയ സെഞ്ച്വറി (105)യുടെ ബലത്തിലാണ് പാകിസ്ഥാന്‍ അനായാസ വിജയം നേടിയത്.. ക്യാപ്റ്റന്‍ സാദ് ബൈഗ് 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍ ഷഹ്സൈബ് ഖാന്‍ 63 റണ്‍സ് നേടി.

Story highlights : Pak wicketkeeper catches ball with legs to dismiss Indian batter