അച്ഛന്റെ ജീവിതമാണ് ഈ സ്‌നേഹത്തിനും ആദരവിനും കാരണം; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിജയകാന്തിന്റെ മകന്‍

December 31, 2023

പിതാവ് വിജയകാന്തിന്റെ വേര്‍പാടില്‍ കുടുംബത്തിനൊപ്പം പിന്തുണയുമായി നിന്ന സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് തങ്ങളുടെ ദുഃഖത്തില്‍ ഒപ്പം നിന്നവര്‍ക്ക് താരപുത്രന്‍ നന്ദി അറിയിച്ചത്. നിങ്ങളുടെ പിന്തുണയും സ്‌നേഹവും ഞങ്ങളുടെ കുടുംബത്തിന് വലിയ ആശ്വാസമാണെന്നും കുറിച്ചു. ( Shanmuga Pandian pays tribute to father Vijayakanth )

‘നിങ്ങളുടെ ഹൃദയംഗമമായ അനുശോചനം പ്രകടിപ്പിച്ചതിന് എല്ലാവര്‍ക്കും നന്ദി. ആദരാഞ്ജലി അര്‍പ്പിക്കാനയി റോഡുകളിലും പാലങ്ങളിലും എത്തിയ ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് ആളുകള്‍, ഞങ്ങളുടെ പിതാവിന് നല്‍കുന്ന ആദരവും ബഹുമാനവുമായിട്ടാണ് കാണുന്നത്. ഈ സ്‌നേഹം അദ്ദേഹം തന്റെ ജീവിതത്തിലൂടെ നേടിയെടുത്തതാണ്. ഈ നികത്താനാകാത്ത നഷ്ടവുമായി ഞങ്ങള്‍ പൊരുത്തപ്പെടുമ്പോള്‍, നിങ്ങളുടെ പിന്തുണ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം നല്‍കുന്നു. റെസ്റ്റ് ഇന്‍ പീസ് ഞങ്ങളുടെ അച്ഛനും നിങ്ങളുടെ ക്യാപ്റ്റനും’- ഷണ്‍മുഖ പാണ്ഡ്യന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയവര്‍ക്ക് ഭാര്യയും ഡി.എം.ഡി.കെ. ജനറല്‍ സെക്രട്ടറിയുമായ പ്രേമലതയും നന്ദി അറിയിച്ചിട്ടുണ്ട്. വിജയകാന്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരുന്നുവെന്നും വിജയകാന്തിന്റെ മനുഷ്യസ്‌നേഹവും സല്‍പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണമെന്നാണ് സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രേമലത പറഞ്ഞത്.

Read Also : പൂട്ടിയിട്ട വീട്ടിനുള്ളിൽ ഒരു കുടുംബത്തിലെ 5 പേരുടെ അസ്ഥികൂടങ്ങൾ; അവസാനമായി ഇവരെ കണ്ടത് 2019-ൽ

‘വിജയകാന്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ 15 ലക്ഷത്തോളം പേര്‍ എത്തിയിരുന്നു. മനുഷ്യസ്‌നേഹവും സല്‍പ്രവൃത്തികളുമാണ് ഇത്രയധികം ആളുകളെത്താനുള്ള കാരണം. തമിഴ്നാട്ടില്‍ മറ്റൊരു നേതാവിനും ഇത്തരത്തിലൊരു അന്ത്യയാത്ര ഉണ്ടായിട്ടില്ല. ഡി.എം.ഡി.കെയുടെ മുദ്രയുള്ള മോതിരം അണിയിച്ച ശേഷം പാര്‍ട്ടി പതാക പുതപ്പിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തിയത്. വിജയകാന്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നാണ് പ്രേമലത പറഞ്ഞത്.

Story highlights Shanmuga Pandian pays tribute to father Vijayakanth