‘മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല..’-അച്ഛന്റെ ഓർമ്മകളിൽ ശ്രുതി ജയൻ

December 7, 2023

നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ശ്രുതി ജയൻ. ക്ലാസ്സിക്കൽ നൃത്തത്തിൽ നിന്നും അങ്കമാലി ഡയറീസിലെ ആലീസായി ശ്രുതി നടത്തിയ സിനിമാ പ്രവേശം വളരെയധികം കയ്യടികൾ നേടി.പിന്നീട്, പൈപ്പിൻ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകൻ, ജൂൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രുതി എത്തി. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ അച്ഛനെ കുറിച്ച് വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി. അച്ഛന്റെ ശ്രാദ്ധ ദിനത്തിലാണ് നടി ഓർമ്മകൾ പങ്കുവയ്ക്കുന്നത്.

ശ്രുതി ജയന്റെ വാക്കുകൾ;

എന്റെ ശ്വാസത്തിൽ,ഹൃദയത്തിൽ, താളത്തിൽ, ചലനത്തിൽ ജീവിക്കുന്ന അച്ഛൻ. ആ നിഴലിനോളം തണൽ എനിക്ക് മറ്റൊന്നിലും കണ്ടെത്താൻ സാധിക്കില്ല..ഇന്ന് രണ്ടാം ശ്രാദ്ധദിവസം…നന്ദി ഈ അച്ഛൻറെ മകളായി ജനിച്ചതിന് . സ്നേഹവും കരുണയും പകർന്നു തന്നതിന്…എന്നിലെ കലാകാരിയെ വളർത്തിയതിന്..എന്തിനേയും ചിരിച്ച് നേരിടാൻ പഠിപ്പിച്ചതിന്..അച്ഛാ..നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു…ജീവിതത്തിലെ ഓരോ നിമിഷവും അച്ചന് വെല്ലുവിളികളായിരുന്നു..

പട്ടിണിയിൽ വളർന്ന ബാല്യകാലം..അമ്മയില്ലാതെ വളർന്ന അച്ഛന്, പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു…സംഗീതം ആയിരുന്നു അച്ഛൻറെ ആഹാരവും ജിവ ശ്വാസവും…അച്ഛൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർമാരുടെ സഹായത്താൽ സംഗീതം പഠിച്ചു…സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു….

ജീവിത പങ്കാളി എന്ന നിലയിൽ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അച്ഛൻ..സെറിബ്രൽ പാൾസി ആയിരുന്ന എന്റെ സഹോദരന് ( അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛൻ..18 വർഷം അവൻറെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യൻ…അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയ താളം അവസാന നിമിഷം വരെ പിടിച്ചു നിർത്തി..സംഗീതത്തോടും താൻ ചെയ്യുന്ന ജോലിയോടും’ പ്രതിബദ്ധതയും ആത്മസമർപ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്..

I. C .U വിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും , ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാൻ ബാക്കി വച്ച രണ്ട് വരി പാട്ട് recording studio il പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികിൽസിയിലായി..ഞാനും അച്ഛനെ ചികിൽസിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങൾ ആയിരുന്നു അത്..
മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല..

Read also: ക്രിക്കറ്റിലെ അപൂര്‍വ പൂറത്താകല്‍, നാണക്കേടുമായി മുഷ്ഫീഖുര്‍ റഹീം; അറിയാം ‘ഹാന്‍ഡ്ലിങ് ദ് ബോള്‍ ഔട്ട്’


2013 ഇൽ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോൾ ഞാൻ ഒന്നു പതറി..അച്ഛൻ എന്നോട് ഇങ്ങനെ പറഞ്ഞു “നമ്മൾ കലാകാരൻമാർ ആണ്…വേദിയിൽ കയറിയാൽ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല…നമ്മുടെ ജോലി മാത്രം..അവിടെ നീയും നൃത്തവും സംഗീതവും മാത്രം..’.

Story highlights- shruthi jayan about her father’s demise