‘നട്ടുപിടിപ്പിച്ച മരങ്ങൾ കസേരകളായി ‘വിളവെ’ടുക്കും’; വില ആറ് ലക്ഷം മുതൽ

January 3, 2024

പച്ചക്കറിയും പഴവര്‍ഗങ്ങളുമെല്ലാം കൃഷി ചെയ്ത് വില്‍പന നടത്തി വരുമാനം കണ്ടെത്തുന്നവര്‍ നമുക്കിടയില്‍ സാധാരണയാണ്. എന്നാല്‍ സ്വന്തം കൃഷിയിടത്തില്‍ മരങ്ങള്‍ വളര്‍ത്തി അത് കസേരകളായി വില്‍പന നടത്തുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? കേള്‍ക്കുമ്പോള്‍ കുറച്ച് വിചിത്രമായി തോന്നുന്നുവെങ്കിലും സംഗതി സത്യമാണ്. ഡെര്‍ബിഷെയര്‍ ഡെയ്ല്‍സിലെ ദമ്പതികളായ ഗാവിനും ആലീസ് മണ്‍റോയുമാണ് ഇത്തരത്തിലൊരു വ്യത്യസ്തമായ ആശയത്തിലൂടെ സമ്പാദിക്കുന്നത്. ( Furniture farm of UK couple Gavin and Alice Munro )

ദമ്പതികള്‍ നടത്തുന്നതിനെ ഒരു ഫര്‍ണിച്ചര്‍ ഫാമായിട്ട് കണക്കാക്കാവുന്നതാണ്. അവിടെ മരത്തൈകള്‍ നട്ടുപിടിപ്പിക്കുകയും അത് കസേരകളായി വിളവെടുക്കുകയുമാണ് പതിവ്. കസേരകള്‍ ഉണ്ടാക്കുന്നതിനായി വില്ലോ, ഓക്ക്, ആഷ്, അമേരിക്കന്‍ സൈക്കാമോര്‍ അടക്കമുള്ള മരങ്ങളാണ് നട്ടുവളര്‍ത്തുന്നത്. നിര്‍മാണത്തില്‍ വ്യത്യസ്തമായ ഈ കസേരകള്‍ വിലയിലും ഒട്ടും പിന്നിലല്ല. ആറ് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ് ഒരു കസേരയുടെ വില.

കസേരയ്ക്ക് ഇത്ര ഭീമമായ തുക ഈടാക്കുന്നതിന്റെ കാരണവും ദമ്പതികള്‍ വിശദമാക്കുന്നുണ്ട്. കസേരകള്‍ ഉണ്ടാക്കുന്നതിനായുള്ള സമയവും പരിശ്രമവുമാണ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഫര്‍ണിച്ചര്‍ ഫാമില്‍ ചെയ്യുന്നത് മരങ്ങള്‍ കസേരയുടെ ആകൃതിയില്‍ വളര്‍ത്തി എടുക്കുക എന്ന വളരെ ശ്രമകരമായ വഴിയാണ് ഇവര്‍ പിന്തുടരുന്നത്.

സാധാരണയായി ഫര്‍ണിച്ചര്‍ നിര്‍മാണത്തിനായി മരം വളര്‍ന്ന് വലുതായി അത് മുറിച്ചെടുക്കുകയൊക്കെ വേണം. 50 വര്‍ഷം പ്രായമായ മരങ്ങളൊക്കെ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. എന്നാല്‍, ഇതെല്ലാം ഒഴിവാക്കാനായിട്ടാണ് മരങ്ങള്‍ കസേരകളുടെ ആകൃതിയില്‍ തന്നെ വളര്‍ത്തിയെടുക്കുന്നത്. അത് നല്ല അധ്വാനമുള്ള ജോലിയാണെന്നാണ് ദമ്പതികള്‍ പറയുന്നത്. നിലവില്‍ ദമ്പതികള്‍ ഫര്‍ണിച്ചര്‍ ഫാമില്‍ 250 കസേരകളും 100 വിളക്കുകളും 50 മേശകളും വളര്‍ത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : ലോകം മിനിമലിസത്തിലേക്ക്- 2024ന്റെ നിറമായി പീച്ച് ഫസ്

അതേസമയം ഇവരുടെ ഫാമില്‍ നിന്ന് കസേരകള്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് ഏഴ് വര്‍ഷം മുമ്പെങ്കിലും ഓര്‍ഡര്‍ കൊടുക്കേണ്ടിവരും. ചില സമയങ്ങളില്‍ അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് കസേര കിട്ടിയെന്ന് വരും. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ദമ്പതികളുടെ കസേരകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. Full Grown എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇവര്‍ തങ്ങളുടെ ഫര്‍ണിച്ചര്‍ ഫാമില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

Story highlights : Furniture farm of UK couple Gavin and Alice Munro