താരനകറ്റാം വീട്ടിലിരുന്ന് പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ

January 3, 2024

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് താരന്‍. സാധാരണ ബ്യൂട്ടിപാര്‍ലറുകളേയും മറ്റും ആശ്രയിക്കാറുണ്ട് താരനകറ്റാന്‍. എന്നാൽ, അതിനായി ചെലവാക്കേണ്ടി വരുന്നത് വലിയ തുകയാണ്. വീട്ടിൽ തന്നെ വളരെ ലളിതമായി ഇതിനുള്ള മാര്ഗങ്ങൾ ഉള്ളപ്പോൾ എന്തിനാണ് പാർലർ? അതും പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ.

നെല്ലിക്കയാണ് താരനകറ്റാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗം. ധാരാളം ഗുണങ്ങളടങ്ങിയിരിക്കുന്ന നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. മൈക്രോഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക അണുബാധയേയും ബാക്ടീരികളേയുമൊക്കെ ചെറുക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക ഉണക്കി പൊടിച്ചത് തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരന്‍ കുറയും. ഒപ്പം തലമുടിയുടെ ആരോഗ്യവും മെച്ചപ്പെടും.

കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ പുരട്ടുന്നതും താരനകറ്റാന്‍ സഹായിക്കുന്നു. കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തലയില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലമുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യും.

Read also: ആണത്തമുള്ള പുരുഷനാണെന്ന് തെളിയിക്കാൻ ഏറ്റവും വിഷമുള്ള ഉറുമ്പുകളെനിറച്ച കയ്യുറ കരയാതെ ധരിക്കണം- വിചിത്രമായ ആചാരവുമായി ഒരു ജനത

തലയോട്ടിയില്‍ മുട്ടയുടെ വെള്ള പുരട്ടുന്നതും താരന്‍ മാറാന്‍ ഉത്തമമായ ഒരു മാര്‍ഗമാണ്. അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള മുട്ടയുടെ വെള്ള തലയോട്ടിയിലെ എണ്ണയെ നിയന്ത്രിക്കുകയും താരനെ ചെറുക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയ്‌ക്കൊപ്പം നാരങ്ങാ നീരും കൂടി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതും ഏറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഈ ഹെയര്‍പാക്ക് സഹായിക്കുന്നു.

Story highlights-Natural ways to reduce dandruff