‘മറക്കില്ലൊരിക്കലും മലയാളത്തിന്റെ ചിരിവസന്തത്തെ’; ഓർമകളിൽ കല്പന!

January 25, 2024

“ഈശ്വരാ! പാവത്തുങ്ങൾക്കിങ്ങനെ സൗന്ദര്യം തരല്ലേ…

ഈ ഡയലോഗ് ഇന്നും മുഴങ്ങി കേൾക്കാത്ത ഒരു വീട് പോലും കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. മലയാളികളിൽ എന്നും ചിരി പടർത്തി, വിട പറയും നേരം തീരാനൊമ്പരമായി മാറിയ മുഖമാണ് നടി കല്പനയുടേത്. ആ ഹാസ്യത്തിന്റെ വെളിച്ചം ഓർമ്മയായിട്ട് ഇന്ന് 8 വർഷങ്ങൾ പിന്നിടുന്നു. വിടപറഞ്ഞിട്ട് വർഷങ്ങൾ ഇത്ര കടന്നെങ്കിലും സിനിമാലോകത്ത് ആ മഹാപ്രതിഭയുടെ ഇടം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. കല്പനയ്ക്ക് പകരം മറ്റൊരു കല്പന ഉണ്ടായിട്ടില്ല എന്നതാണ് അതിന്റെ പിന്നിലെ യാഥാർഥ്യം. (Remembering Actress Kalpana on her death anniversary)

1965 ഒക്ടോബർ 5ന് നാടക കലാകാരന്മാരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനനം. മലയാള സിനിമയ്ക്ക് തന്നെ മൂന്ന് മികച്ച നടിമാരെ സംഭാവന ചെയ്ത മഹത്തായ കുടുംബം. സഹോദരിമാരായ കലാരഞ്ജിനിക്കും ഉർവ്വശിക്കുമൊപ്പം അനുഭവങ്ങളും കലയും പങ്കിട്ടു വളർന്നു.

1977ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്‌ത ‘വിടരുന്ന മൊട്ടുകള്‍’ എന്ന സിനിമയിൽ ബാലതാരമായാണ് കല്പന മലയാള സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. അന്ന് പ്രായം 12. 1980ല്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്‌ത ‘പോക്കുവെയില്‍’ എന്ന സിനിമയിലൂടെ മുഖ്യധാര നടിയായും വേഷമിട്ടു.

Read also: ‘എഴുതിത്തീരാത്ത ഒരായിരം കഥകളുടെ ലോകത്തേക്ക് മടങ്ങിപ്പോയ ഗന്ധർവൻ’; ഓർമകളില്‍ പത്മരാജൻ..!

നാൽപ്പത് വർഷത്തോളം നീണ്ട സിനിമാജീവിതത്തിൽ മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ കല്പന അഭിനയിച്ചു. വൈകിയെത്തിയ അംഗീകാരങ്ങളിൽ ഒന്നാണ് 2013-ൽ ‘തനിച്ചല്ല ഞാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച ‘ചാർലി’ ആയിരുന്നു അവസാനമായി തിയറ്ററുകളിൽ എത്തിയ കല്പനയുടെ ചിത്രം.

ചെയ്ത് വെച്ച നൂറു നൂറു കഥാപാത്രങ്ങൾ ഉണ്ടെങ്കിലും കല്പന എന്നും ഹാസ്യനടി എന്ന മുഖ്യ ലേബലിൽ തന്നെയാണ് അറിയപ്പെട്ടത്. അതിന് കാരണവുമുണ്ട്. കല്പനയോളം ഹാസ്യത്തെ കരുതലോടെ, ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്ത മറ്റൊരു നടി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഇന്നും നീങ്ങിയിട്ടില്ല.

Read also: പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാവരും ശോകമൂകരായി..

2016 ജനുവരി 25ന് നിനയ്ക്കാത്ത നേരം കടന്നു വന്ന ഹൃദയാഘാതം മലയാളക്കരയറിഞ്ഞ ഏറ്റവും മികച്ച കാലാകാരികളിൽ ഒരാളെയാണ് കവർന്നെടുത്തത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത ‘ഊപ്പിരി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു മരണം.

അധികം വൈകാതെ മറ്റൊരു ഓർമദിവസവും കടന്നു വരും. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രം വന്ന് പോകുന്ന ഓർമയില്ല ഈ നടി എന്നതിന് ഒരേയൊരു തെളിവ് മതി. ഇന്നും മലയാളിയുടെ നാവിൻ തുമ്പിലുള്ള… തുടങ്ങുമ്പോൾ പറഞ്ഞു വെച്ച അതേ ഡയലോഗ്…

Story highlights: Remembering Actress Kalpana on her death anniversary