രോഹൻ ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ; കിരീടമുയർത്തിയാൽ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ

January 25, 2024

പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പര്‍ താരം എന്ന ബഹുമതി സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വെറ്ററന്‍ താരം രോഹണ്‍ ബൊപ്പണ്ണ. ഇന്ന നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ തോമസ് മചാക് ഷാങ് സിഷെങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ( Rohan Bopanna entered to australian open mens doubles final )

മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്തോ-ഓസീസ് സഖ്യം മുന്നേറിയത്. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഇവര്‍ അനായാസം ഫൈനലില്‍ കയറുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാം സെറ്റ് 3-6 ന് സ്വന്തമാക്കിയ ചൈനീസ്- ചെക് സഖ്യം തിരിച്ചടിച്ചു. ഇതോടെ മത്സരം നിര്‍ണായക മൂന്നാം സെറ്റിലേക്ക് നീങ്ങി. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതോടെ മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീങ്ങി. എന്നാല്‍ ടൈ ബ്രേക്കറില്‍ മികച്ച പ്രകടനം നടത്തിയ ബൊപ്പണ്ണ – എബ്ഡന്‍ സഖ്യം 10-7ന് ജയിച്ചുകയറി.

ഈ ജയത്തോടെ ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ പുരുഷ താരമെന്ന സ്വന്തം റെക്കോര്‍ഡ് ബൊപ്പണ്ണ ഒരിക്കല്‍കൂടി തിരുത്തിക്കുറിച്ചു. രോഹന്‍ ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. നേരത്തെ രണ്ട തവണ (2013,2023) യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

നിലവിലെ ഫോമില്‍ തുടരാനായാല്‍ 43-ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബൊപ്പണ്ണ. കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ മോള്‍ട്ടെനി / ഗോണ്‍സാല സഖ്യത്തെ പരാജയപ്പെടുത്തി സെമിയിലെത്തിയതിന് പിന്നാലെയായിരുന്നു ബൊപ്പണ്ണ പുരുഷ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഈ ജയത്തോടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ മാത്യു എബ്ഡന്‍ രണ്ടാമതെത്തും.

Read Also ; ‘ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ’; ഓസ്‌ട്രേലിയൻ ഓപ്പൺ സെമിപ്രവേശത്തിന് പിന്നാലെ ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ

2017-ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ജേതാവായ രോഹന്‍ ബൊപ്പണ്ണ രണ്ടാം ഗ്രാന്‍ഡ്് സ്ലാമാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ സഖ്യമായ ആന്‍ഡ്രെ വാവസോറി/ സൈമണ്‍ ബോളെല്ലി എന്നിവരാണ് എതിരാളികള്‍.

Story highlights : Rohan Bopanna entered to australian open mens doubles final