ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് തണലൊരുക്കി; വിവിധയിനത്തിൽപ്പെട്ട ഇരുനൂറിലധികം മൃഗങ്ങളുടെ അമ്മയായി യുവതി

January 17, 2024

മൃഗങ്ങളോട് കരുണ കാണിക്കുന്ന ഒട്ടേറെ വ്യക്തികൾ സമൂഹത്തിലുണ്ട്. എന്നാൽ, ആ കരുതലും സ്നേഹവും ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് തണലൊരുക്കുന്നിടത്തോളം വളർത്തിയെടുത്ത ഒരു ചെറുപ്പക്കാരിയുണ്ട്, ജോർജിയയിലെ ഏഥൻസിൽ നിന്നുള്ള അഡ്രി റേച്ചൽ. മുപ്പത്തിയഞ്ചുകാരിയായ റേച്ചൽ, ഇന്ന് ഇരുനൂറിലധികം മൃഗങ്ങൾക്ക് അമ്മയാണ്.

നായകളും, പൂച്ചകളും മാത്രമല്ല റേച്ചലിന്റെ തണലിൽ ജീവിക്കുന്നത്. പശുക്കൾ, പന്നികൾ, എന്നിവയുൾപ്പെടെ 200 ഓളം മൃഗങ്ങളെ അപകടത്തിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നുമൊക്കെ റേച്ചൽ രക്ഷിച്ചു. എല്ലാ വർഷവും മൃഗങ്ങൾക്കായി 50,000 ഡോളർ ചെലവഴിക്കുന്നതായി അവർ പറയുന്നു.

റേച്ചലിന്റെ മൃഗ സങ്കേതത്തിൽ എല്ലാവർക്കും ഒരിടമുണ്ട്. മൃഗങ്ങളെ രക്ഷിച്ച് വർഷങ്ങൾക്ക് ശേഷമാണ് റേച്ചൽ ക്യാമ്പ്ബെൽ റെസ്ക്യൂ കമ്പനി സ്ഥാപിച്ചത്. മൃഗങ്ങളെ സ്നേഹിക്കുന്ന സ്വഭാവത്തിന് മാതാപിതാക്കളായ റിട്ടയേർഡ് നാച്ചുറൽ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ ലാറി ജേക്കബ്സിന്റെയും വിരമിച്ച നഴ്‌സായ സിന്തിയ സെൽബിയുടെയും പിന്തുണയും റേച്ചലിനുണ്ട്.

Read also: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി; പോകേണ്ടത് 35 കോടി വർഷം പിന്നോട്ട്!

റേച്ചലിന്റെ ദിനങ്ങളെല്ലാം ഈ മൃഗങ്ങൾക്കൊപ്പമാണ്. എന്നാൽ, തന്നെപ്പോലെ മൃഗപരിപാലനത്തിന് ഇറങ്ങുന്നവർക്ക് മുന്നറിയിപ്പും നൽകുന്നു ഈ ചെറുപ്പക്കാരി. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നാണ് റേച്ചൽ പറയുന്നത്. മാത്രമല്ല, തന്റെ ഭൂസ്വത്ത് പൂർണമായും മൃഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ് അഡ്രി റേച്ചൽ.

Story highlights- Woman who takes in neglected animals now has 200 pets