കുടിവെള്ളമില്ല, അങ്കണവാടിയിൽ തനിച്ചൊരു കിണർ കുഴിച്ച് 55കാരി; പിന്തുണയുമായി പ്രദേശവാസികൾ

February 19, 2024

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ശുദ്ധജലം. കേരളത്തിലെ ഒട്ടുമിക്ക വീടുകൾക്ക് സമീപമായി ഒരു കിണറും ഉണ്ടാകും. അതിൽ നന്നും ആവശ്യത്തിനനുസരിച്ച് യഥേഷ്ടം വെള്ളമെടുക്കാൻ കഴിയുന്നതിനാൽ നമ്മൾ അതിന്റെ ബുദ്ധിമുട്ട് അറിയാറില്ല. എന്നാൽ നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ അടക്കം ഇന്ത്യയുടെ വിവിധ ഭാ​ഗങ്ങളിൽ ശുദ്ധജല ​ദൗർലഭ്യം നേരിടുന്നുണ്ട്. ( 55 year old Gauri Naik dig a well for children in Karnataka )

ഇത്തരം പ്രദേശങ്ങളിലെല്ലാം വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ജലക്ഷാമത്തെ നേരിടുകയാണ്. എങ്കിലും വലിയ ന​ഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ഇപ്പോളും ജലത്തിന്റെ അഭാവവമുണ്ട്. ഈ സാ​‍ഹചര്യത്തിലാണ് കർണാടകയിലെ സിർസിയിലുള്ള ​ഗൗരി ചന്ദ്രശേഖർ നായിക് എന്ന 55 -കാരിയെ നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

ഉത്തര കന്നഡ ജില്ലയിലെ സിർസി ന​ഗരത്തിലെ ഗണേഷ് നഗറിൽ വലിയ രീതിയിലുള്ള ജലക്ഷാമമാണ് നേരിട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി ഗൗരി നായിക് സ്വന്തമായി കിണർ കുഴിക്കാൻ ആരംഭിച്ചത്. ഇതോടെയാണ് നാട്ടുകാർ പിന്തുണയുമായി എത്തിയത്.

പ്രദേശത്ത് അടയ്ക്ക, വെറ്റില തുടങ്ങിയവ കൃഷി ചെയ്യുകയാണ് ​ഗൗരി നായിക്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി നാലടി വീതിയിൽ കിണർ കുഴിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. എന്നാൽ 12 അടിയോളം കിണർ കുഴിച്ചതിന് പിന്നാലെ അതിന്റെ പണി തടയുന്നതിനായി വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ സ്ഥലത്തെത്തി. ഇതറിഞ്ഞതോടെ പ്രദേശവാസികൾ അങ്കണവാടി പരിസരത്ത് തടിച്ചുകൂടി. അധികൃതർ കിണർ കുഴിക്കുന്ന ജോലി തടസപ്പെടുത്തുന്നത് എന്നത് തടയുക എന്ന ലക്ഷ്യത്തോടെയായി‍രുന്നു നൂറുകണക്കിനാളുകൾ ഒത്തുകൂടിയത്.

ഇതിനിടയിൽ സിറ്റിസൺ ​ഗ്രൂപ്പായ ‘സിർസി ജീവ ജല ടാസ്‌ക് ഫോഴ്‌സ്’ പ്രസിഡൻ്റ് ശ്രീനിവാസ് ഹെബ്ബാർ സ്ഥലം സന്ദർശിക്കുകയും അങ്കണവാടിക്ക് ചുറ്റുമതിലും കിണർ മൂടാൻ റിങ്ങും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനൊപ്പം ഒരു വാട്ടർ ടാങ്കും പാമ്പും സ്ഥാപിക്കുമെന്നും അറിയച്ചതോടെ പ്രദേശവാസികൾ ഗൗരി നായിക്കിനൊപ്പം ചേർന്നു. അതിന് പിന്നാലെ ജനങ്ങളുടെ പ്രതിഷേധം തുടർന്നതോടെ കിണർ കുഴിക്കാൻ അനുമതി നൽകുകയായിരുന്നു.

ഗൗരി ആദ്യമായിട്ടല്ല കിണർ കുഴിക്കുന്നത്. ഇതിന് മുമ്പ് 2017, 2018 വർഷങ്ങളിലായി രണ്ട് കിണർ കുഴിച്ചിരുന്നു. കുടിവെള്ളത്തിൻ്റെ പേരിൽ ജനങ്ങൾ വിഷമിക്കേണ്ടതില്ലെന്ന് കരുതിയാണ് ഇവർ ഈ ജോലി ചെയ്യുന്നത്. വെറ്റില കൃഷി നനയ്ക്കാൻ വീടിനു സമീപം 65 അടി താഴ്ചയുള്ള കിണർ കുഴിച്ചു. പിന്നീട് തൻ്റെ ചെറിയ കൃഷിയിടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നത് മനസിലാക്കിയ ​​ഗൗരി വയലിൽ 40 അടി താഴ്ചയുള്ള മറ്റൊരു കിണർ കുഴിക്കുകയായിരുന്നു.

Read Also : നൂറു ഗ്രാമങ്ങളുടെ ജലക്ഷാമം അവസാനിപ്പിച്ച വനിത- രാജസ്ഥാന്റെ ജലമാതാവ് അംല റൂയ

15 കുട്ടികളാണ് ഗണേഷ് നഗറിലെ അങ്കണവാടിയിൽ പഠിക്കുന്നത്. നിരന്തരമായ ജലക്ഷാമം ഇവിടെ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് കിണർ കുഴിക്കാൻ ആരംഭിച്ചതെന്ന് ​ഗൗരി പറയുന്നു. കിണർ സജ്ജമായാൽ വെള്ളത്തിന് ഒരു ബുദ്ധിമുട്ടുണ്ടാകില്ലെന്നും ​ഗൗരി കൂട്ടിച്ചേർത്തു.

Story highlights : 55 year old Gauri Naik dig a well for children in Karnataka