12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ രഹസ്യം!

February 26, 2024

എന്തെല്ലാം കൗതുകങ്ങൾ നിറഞ്ഞതാണ് ലോകം എന്ന് അമ്പരപ്പ് തോന്നാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. അവിശ്വസനീയമായ കാഴ്ചകൾ പലപ്പോഴും ചുരുളഴിയാത്ത രഹസ്യങ്ങൾ പോലെ നിലകൊള്ളാറുമുണ്ട്. അത്തരത്തിലൊന്നായിരുന്നു ചൈനയിൽ നൂറുകണക്കിന് ആടുകൾ തുടർച്ചയായി 12 ദിവസത്തോളം നിർത്താതെ വട്ടത്തിൽ കറങ്ങിയ കാഴ്ച. 2022 ലായിരുന്നു ഈ കൗതുകകരവും ദുരൂഹവുമായ സംഭവം നടന്നത്. ഒന്നോ രണ്ടോ ആടുകൾ നടന്നു തുടങ്ങിയ വൃത്തം പിന്നാലെ നൂറുകണക്കിന് ആടുകൾ ചേർന്ന് പൂർത്തിയാക്കി. പിന്നീട് അവ നിർത്താതെ, ആ നടത്തം തുടർന്നു. ഇടയ്ക്ക് ചിലത് ഈ വൃത്തത്തിൽ നിന്നും പുറത്തേക്ക് മാറിനിന്നു. ചിലതാകട്ടെ, ആ കൂട്ടത്തിലേക്ക് ചേരുകയും ചെയ്തു.

എന്നാൽ എന്താണ് ഈ നടത്തത്തിന് പിന്നിലെ രഹസ്യം എന്നത് അജ്ഞാതമായിരുന്നു. ആടുകൾക്ക് പരിശീലനം നല്കിയതോ ഒന്നുമല്ല എന്നത് മാത്രമായിരുന്നു വ്യക്തമായിരുന്നത്. ഇവ ഇങ്ങനെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൈനയിലെ മംഗോളിയയയിൽ നിന്നുള്ള ദൃശ്യങ്ങൾ ആയിരുന്നു ഇത്. ആ ഫാമിലുള്ള എല്ലാ ആടുകളും ഈ പ്രവർത്തിയുടെ ഭാഗമായി. പിന്നീട് അതിനു പിന്നിലുള്ള രഹസ്യം ചില ജന്തു ശാസ്ത്രഞ്ജൻമാർ കണ്ടെത്തിയിരുന്നു. അത് വളരെ കൗതുകകരവുമായിരുന്നു.

ആട്ടിൻകൂട്ടത്തിലെ മറ്റ് ആടുകളുടെ പെരുമാറ്റം അനുകരിക്കാൻ കഴിവുള്ളവയാണ് ആടുകൾ. അവയുടെ ഈ ഒരു പ്രത്യേകത വളരെ പ്രസിദ്ധമാണ്. വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും സംഘത്തിലെ മറ്റ് ആടുകളെ സംരക്ഷിക്കാനും വേണ്ടി അവയുടെ മുമ്പിലുള്ള ആടിനെ പിന്തുടരാൻ പറയുന്ന സാമൂഹിക സഹജാവബോധം മൂലമാണിത്. എന്നിരുന്നാലും, ഇങ്ങനെയുള്ള നടത്തം ദീർഘനേരം തുടരുന്നത് അസാധാരണമാണ്.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്‌പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെൽ അന്ന് കണ്ടെത്തിയ സാധ്യതയുടെ വിശദീകരണം നൽകിയത് ഇങ്ങനെയാണ്- ‘ആടുകൾ വളരെക്കാലമായി തൊഴുത്തിൽ കിടക്കുന്നതായി തോന്നുന്നു, ഇത് അവയുടെ സ്റ്റീരിയോടൈപ്പിക് സ്വഭാവത്തിലേക്ക് നയിച്ചേക്കാം. തൊഴുത്തിലിരിക്കുന്നതിലുള്ള നിരാശ കാരണം എവിടേക്കെങ്കിലും പോകാം എന്ന തരത്തിൽ ആവർത്തിച്ച് ചുറ്റിക്കറങ്ങുകയും ആ സഞ്ചാരം അവിടെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ആടുകൾക്ക് ആരോഗ്യകരമായി തുടരാവുന്ന ഒരു രീതിയല്ല.’- അദ്ദേഹം പറഞ്ഞിരിക്കുന്നു. നവംബർ നാലിനാണ് ആടുകൾ ഇങ്ങനെ നടന്നു തുടങ്ങിയത്. അത് 2022 നവംബർ 21 വരെ നീണ്ടുപോയി. അങ്ങനെ ലോകം മുഴുവൻ ഈ ദുരൂഹമായ നടത്തം ചർച്ചയാകുകയായിരുന്നു.

Story highlights- mystery behind sheeps walking in circle