മാനന്തവാടിയെ ഭീതിയിലാക്കിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിൽ എത്തിച്ച ശേഷം

February 3, 2024

വയനാട് മാനന്തവാടിയില്‍ നിന്നും ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടകയ്ക്ക് കൈമാറിയ ശേഷം ബന്തിപ്പൂര്‍ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. തണ്ണീര്‍ കൊമ്പന്‍ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. ( Tanneer komban died in Bandipur elephant camp )

കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ പരിശോധന നടത്തും. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ തന്നെ ബന്ദിപ്പൂര്‍ ആന ക്യാമ്പിലെത്തും.

20 ദിവസത്തിനിടെ രണ്ട് തവണയാണ് ഈ ആന മയക്കുവെടി ദൗത്യത്തിന് വിധേയമായിട്ടുള്ളത്. ആനയക്ക് വേറെ പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആന പൂര്‍ണ ആരോഗ്യവാനാണെന്ന് നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിച്ചത്.

Read Also : എട്ട് മാസം ബന്ധി; ഒടുവിൽ ചാരവൃത്തി ആരോപിച്ച പ്രാവിന് മോചനം!

17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ രാത്രിയോടെ കര്‍ണാടകയിലെത്തിച്ചത്. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനം വകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടി വച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനത്തിനിടെയാണ് ദാരുണമായ സംഭവം.

Story highlights : Tanneer komban died in Bandipur elephant camp