പ്രാദേശിക വ്യവസായത്തിന് തുണയായി മുളയിൽ തീർത്ത ഫ്ലൈ ഓവർ; ആസാമിലെ നടപ്പാലത്തെ വേറിട്ടതാക്കുന്നത്..

March 7, 2024

പ്രാദേശിക വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ മറ്റു സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും മാതൃകയാകാറുണ്ട്. സ്വന്തം നാടിന്റെ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളാണ് ഇത്തരത്തിൽ ശ്രദ്ധേയമാകാറുള്ളത്. മുളകൊണ്ടുള്ള ഫ്ലൈ ഓവറിലൂടെ ആസാം കാണിച്ചുതരുന്നതും പ്രാദേശിക വ്യവസായത്തിന്റെ വിജയമാണ്. ഖാനപാരയിലാണ് മുളകൊണ്ടുള്ള നടപ്പാലം നിർമിച്ചിരിക്കുന്നത്. ആസാമിന്റെ ഏറ്റവും വലിയ പ്രാദേശിക വിഭവമാണ് മുള. ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയ ഒട്ടേറെ ജനങ്ങളുണ്ട്. സഞ്ചാരികൾക്കായി എത്തുന്നവരിലേക്കും തദ്ദേശിയരായവരെയും മുളയുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് റോഡിന് കുറുകെ ഈ ഫ്ലൈ ഓവർ പണിതിരിക്കുന്നത്.

ആസാമിന്റെ മുള വിഭവങ്ങളുടെ സമൃദ്ധി കാണിക്കുന്നതിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലേക്കുള്ള പ്രവേശന കേന്ദ്രമായതിനാൽ ഗുവാഹത്തിയിലേക്ക് സ്വാഗതം എന്ന ബോർഡും ഫ്ലൈ ഓവറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായുണ്ടാക്കിയ മുളകൊണ്ടുള്ള പാലം ആണിത്. ധാരാളം പ്രക്രിയകളിലൂടെ കടന്നു പോയ ശേഷമാണ് മുള പാലത്തിന് അനുയോജ്യമാക്കുന്നത്. ശരിയായി പരിപാലിക്കുകയാണെങ്കിൽ 20 മുതൽ 30 വർഷം വരെ ആയുസുണ്ട് ഈ പാലത്തിന്. ഏകദേശം 13 കോടി ചെലവിൽ 8 മാസത്തിനുള്ളിലായിരുന്നു ഈ പദ്ധതി പൂർത്തീകരിച്ചത്.

Read also: അവനേറെ ഇഷ്ടപ്പെട്ട ഫുട്‌ബോൾ ‘ആ കൈകളിലേക്ക്’ വച്ചുകൊടുത്ത് പിതാവ്; കണ്ടുനിന്നവരുടെ കണ്ണ് നിറച്ച കാഴ്ച

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുള ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് ആസാം. ഏകദേശം 50 തരം മുള വൈവിധ്യങ്ങൾ ഇവിടെയുണ്ട്. രാജ്യത്തിന്റെ മൊത്തം ഉൽപാദന മൂല്യത്തിന്റെ 60 ശതമാനത്തിലധികം നൽകുന്നതിൽ മുള നിർണായകമായ സ്ഥാനം വഹിക്കുന്നു.

Story highlights- Foot-over bridge with bamboo