വിമാനത്തിന്റെ ജനൽകാഴ്ചയിൽ വിരിഞ്ഞ ആകാശ വിസ്മയം; പകർത്തിയത് പൈലറ്റ്

March 30, 2024

ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി. പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ് വിശേഷിക്കപ്പെടുന്നത്. സൂര്യനിൽ നിന്ന് ചാർജ്ജ് ചെയ്യപ്പെട്ട കണികകൾ ഭൂമിയുടെ കാന്തികവലയത്തിൽ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കൂട്ടിയിടിക്കുശേഷം, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളുടെ മനോഹരമായ പ്രകാശം ആകാശത്ത് ഉടനീളം കാണാൻ സാധിക്കും.

ഇപ്പോഴിതാ, ഡച്ച് പൈലറ്റ് ക്രിസ്റ്റ്യാൻ വാൻ ഹെയ്‌സ്‌റ്റ് താൻ പറത്തിയ വിമാനത്തിൻ്റെ കോക്‌പിറ്റിൽ നിന്ന് എടുത്ത നോർത്തേൺ ലൈറ്റ്‌സിൻ്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ വിസ്മയം തീർത്തിരിക്കുകയാണ്. വിമാനങ്ങളിൽ നിന്നുള്ള ആകർഷകമായ ചിത്രങ്ങൾ പകർത്തുന്നതിൽ പ്രശസ്തനായ പൈലറ്റ് വാൻ ഹെയ്‌സ്‌റ്റ്, വടക്കൻ അറ്റ്‌ലാൻ്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെ അറോറ ബൊറിയാലിസിൻ്റെ അപൂർവ ദൃശ്യവും കാണുകയും ക്യാമറയിലാക്കുകയും ചെയ്തു.

സമുദ്രത്തിന് മുകളിൽ ആകാശത്തെ പ്രകാശിപ്പിക്കുന്ന വർണ രശ്മികൾ ചിത്രത്തിൽ കാണാം. ഇത് ഒരു മാസ്മരിക കാഴ്ച തന്നെയാണ് എന്ന് നിസംശയം പറയാം. പച്ചനിറം മാത്രമല്ല, ഇതുവരെ കാണാത്ത തരത്തിലുള്ള നിറഭേദങ്ങൾ ഈ ചിത്രത്തിൽ കാണാം. വാൻ ഹെയ്‌സ്‌റ്റ് ഫോട്ടോ എടുത്ത അനുഭവത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

ഭൂമിയുടെ ഉത്തരധ്രുവത്തിനടുത്ത് ഈ ലൈറ്റുകളെ അറോറ ബോറാലിസ് അഥവാ പ്രശസ്തമായ നോർത്തേൺ ലൈറ്റുകൾ എന്ന് വിശേഷിപ്പിക്കുന്നു. ദക്ഷിണധ്രുവത്തിൽ, ഇതേ പ്രക്രിയയെ അറോറ ഓസ്ട്രലിസ് അഥവാ സതേൺ ലൈറ്റുകൾ എന്നും വിളിക്കുന്നു. എന്നാൽ, സൗത്ത് പോളിൽ ഈ പ്രകാശ കാഴ്ച അത്ര സജീവമല്ല. ലോക പ്രസിദ്ധമായ ഈ അത്ഭുത കാഴ്ച കാണാൻ ഒട്ടേറെ ആളുകൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും എത്താറുണ്ട്. പൊതുവെ അലാസ്കയിലാണ് ഈ കാഴ്ച കാണാൻ ആളുകൾ കൂടുതൽ. എന്നാൽ മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടു നിൽക്കുന്ന ധ്രുവദീപ്തി കാണാൻ ഭൂമിയിൽ ഒട്ടനേകം സ്ഥലങ്ങളുണ്ട്.

Story highlights- pilot shares rare glimpse of Aurora Borealis