പ്രണയിച്ചുപോയെന്ന കുറ്റത്തിന് സ്വന്തം അമ്മ 25 വർഷം തടവിലാക്കിയ യുവതി; ദുരന്തമായൊരു അന്ത്യവും..

March 12, 2024

പ്രണയത്തിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ നിത്യസംഭവമായി മാറിയിരിക്കുകയാണ് കേരളത്തിൽ. പ്രണയനൈരാശ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ധാരണയില്ലാത്ത ധാരാളം ആളുകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്നതിന്റെയും സംസാരിച്ച് പരിഹരിക്കാവുന്ന കാര്യങ്ങൾ കൊലപാതകത്തിലേക്ക് എത്തിക്കുന്ന പക്വതയില്ലാത്ത ആളുകൾ അധികമാണ് എന്നതിന്റെയും നേർക്കാഴ്ച്ചയാണ് ഇത്.

പ്രണയിച്ചവർ തമ്മിലുള്ള പോരുകളാണ് ഇവയെല്ലാം. എന്നാൽ, വർഷങ്ങൾക്ക് മുൻപ്, പ്രണയിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരു യുവതി ഈ ലോകത്ത് ജീവിച്ചിരുന്നു. ഒന്നും രണ്ടുമല്ല, 25 വർഷമാണ് പാരീസിലെ ഒരു യുവതി ഇങ്ങനെ ഇരുട്ടറയിൽ ജീവിക്കേണ്ടി വന്നത്. ഉള്ളുലയ്ക്കുന്ന ഒരു ജീവിതമാണ് ഈ കഥയിലെ നായികയുടേത്.

1901 മെയ് മാസത്തിൽ ഒരു ദിവസം, പാരീസിലെ അറ്റോർണി ജനറലിന് നഗരത്തിലെ ഒരു പ്രമുഖ കുടുംബം ഒരു ഭീകരമായ കുറ്റകൃത്യം ഒളിപ്പിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് വിചിത്രമായ ഒരു കത്ത് ലഭിച്ചു. ഈ കുറിപ്പിൽ ആരെഴുതിയത് എന്ന രേഖയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അറ്റോർണി ജനറൽ കത്തിൽ പറഞ്ഞ കാര്യങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥനായതിനാൽ ഉടൻ അന്വേഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു.

മോനിയർ എസ്റ്റേറ്റിൽ ആയിരുന്നു ഇങ്ങനെ ഒരു രഹസ്യം ഉണ്ടെന്നു കത്തിൽ പറഞ്ഞിരുന്നത്. പോലീസ് അവിടെ എത്തിയപ്പോൾ, അവർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു എന്നതല്ലാതെ യാതൊരു സൂചനയുമുണ്ടായിരുന്നില്ല..കാരണം, ഈ സമ്പന്ന കുടുംബത്തിന് കളങ്കമില്ലാത്ത പ്രശസ്തി ഉണ്ടായിരുന്നു. മാഡം മോനിയർ പാരീസിലെ ഉന്നത സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അറിയപ്പെട്ടിരുന്ന ആളാണ്. അവരുടെ ഉദാരമായ സംഭാവനകൾക്കുള്ള അംഗീകാരമായി അവർക്ക് ഒരു കമ്മ്യൂണിറ്റി അവാർഡ് പോലും ലഭിച്ചിരുന്നു. മകൻ മാർസൽ സ്കൂളിൽ മികവ് പുലർത്തി പേരെടുക്കുകയും ഒരു അഭിഭാഷകനായി ജോലി ചെയ്യുകയുമായിരുന്നു.

മോനിയേഴ്സിന് ബ്ലാൻഷെ എന്ന സുന്ദരിയായ ഒരു മകളും ഉണ്ടായിരുന്നു. എന്നാൽ 25 വർഷത്തോളമായി ആരും അവളെ കണ്ടിരുന്നില്ല.ഈ വീട്ടിൽ എത്തിയ പോലീസിനും ഈ യുവതിയെ കാണാൻ സാധിച്ചില്ല. യുവതിയായിരിക്കുമ്പോൾ തന്നെ ഈ വീട്ടിൽ നിന്നും പരിസരത്ത് നിന്നും ബ്ലാൻഷെ അപ്രത്യക്ഷയായിരുന്നു. ഈ കുടുംബമാകട്ടെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ജീവിതം നയിച്ചു.

പോലീസ് ഈ എസ്റ്റേറ്റിൽ തിരച്ചിൽ നടത്തി. എന്നാൽ, മുകളിലത്തെ മുറികളിലൊന്നിൽ നിന്ന് ചീഞ്ഞ ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെടുന്നതുവരെ അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ ഒരു മുറി കണ്ടെത്തി. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് പൂട്ട് തകർത്ത് മുറിക്കുള്ളിൽ കയറി. ഉള്ളിൽ കിടന്നിരുന്നത് ഭീകരമായ ഒരു കാഴ്ച്ചയായിരുന്നു.

മുറി ഇരുണ്ടതായിരുന്നു. അതിന്റെ ഏക ജനൽ അടച്ച് കട്ടിയുള്ള കർട്ടനുകൾ വിരിച്ചിരുന്നു. ഇരുണ്ട അറയിൽ ദുർഗന്ധം വമിക്കുന്നതിനാൽ ഒരു ഉദ്യോഗസ്ഥൻ ഉടൻ തന്നെ ജനൽ പൊളിച്ചു. സൂര്യപ്രകാശം അകത്തേക്ക് വന്നപ്പോഴാണ് ശോഷിച്ച കട്ടിലിന് ചുറ്റുമുള്ള തറയിൽ കിടന്നിരുന്ന ചീഞ്ഞ ഭക്ഷണാവശിഷ്ടങ്ങളിക്കിടയിൽ , ഒരു മെലിഞ്ഞ സ്ത്രീയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നത് കണ്ടത്. ഭക്ഷണ അവശിഷ്ടങ്ങളാണ് ഈ ദുർഗന്ധം വമിക്കാൻ കാരണം.

രണ്ട് പതിറ്റാണ്ടിലേറെയായി ബ്ലാൻഷെ മോനിയർ ആദ്യമായി പ്രകാശം കണ്ടത് അന്നാണ്. 25 വർഷം മുമ്പ് മുറിയിലടക്കപെട്ടപ്പോൾ മുതൽ അവർ പൂർണ്ണമായും നഗ്നയായി കിടക്കയിൽ ചങ്ങലയിടപ്പെട്ടു. എഴുന്നേൽക്കാൻ കഴിയാതെ, അപ്പോൾ മധ്യവയസ്കയായ ആ സ്ത്രീ സ്വന്തം മാലിന്യത്തിൽ പൊതിഞ്ഞു കിടക്കപ്പെട്ടു. പരിഭ്രാന്തരായ പോലീസുകാർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തു.

സ്വബോധം തിരികെക്കിട്ടിയ ബ്ളാൻഷെ തന്റെ ജീവിതകഥ പറഞ്ഞതോടെ ആ സമ്പന്ന കുടുംബത്തിന്റെ കപട സദാചാരം തകർന്നടിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ബ്ലാൻഷെ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായി; നിർഭാഗ്യവശാൽ ഈ ചെറുപ്പക്കാരൻ ധനികനായിരുന്നില്ല. മറിച്ച് ഒരു പാവപ്പെട്ട അഭിഭാഷകനായിരുന്നു. കൂടുതൽ അനുയോജ്യനായ ഭർത്താവിനെ തിരഞ്ഞെടുക്കണമെന്ന് അമ്മ നിർബന്ധിച്ചെങ്കിലും യുവതി വിസമ്മതിച്ചു. പ്രതികാരമായി, മാഡം മോനിയർ മകളെ അവളുടെ ഇഷ്ടത്തിന് വഴങ്ങുന്നത് വരെ മുറിയിൽ പൂട്ടിയിട്ടു.

വർഷങ്ങൾ കടന്നുപോയി, പക്ഷേ ബ്ലാൻഷെ മോനിയർ വഴങ്ങിയില്ല. ദുഃഖം താങ്ങാനാകാതെ കാമുകൻ മരിച്ചതിനുശേഷവും അവളെ അമ്മ സെല്ലിൽ പൂട്ടിയിട്ടു. ഇരുപത്തഞ്ചു വർഷത്തിനിടയിൽ, സഹോദരനോ കുടുംബാംഗങ്ങളോ അവളെ സഹായിക്കാൻ ശ്രമിച്ചില്ല. പിടിക്കപ്പെട്ടതിന് ശേഷം മകൾക്ക് മാനസിക രോഗമാണ് എന്നുപോലും മാഡം മോനിയർ വാദിച്ചു. എന്തായാലും ഈ സംഭവം ലോകം അറിഞ്ഞു. ജനരോഷം വളരെ വലുതായിരുന്നു. മോനിയർ വീടിന് പുറത്ത് ജനക്കൂട്ടം കല്ലേറുകളും ശാപവാക്കുകളുമായി എത്തി. ഇത് മാഡം മോനിയറിനെ ഹൃദയാഘാതത്തിലേക്ക് നയിച്ചു. ബ്ളാൻഷെ വീട്ടുതടങ്കലിൽ നിന്നും മോചനം നേടി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം മാഡം മോനിയർ മരണമടഞ്ഞു.

Read also: 7.5 കോടി രൂപ ആസ്തി; താമസം മുംബൈയിലെ 1.2 കോടി രൂപയുടെ ഫ്ലാറ്റിൽ- ഇത് ലോകത്തെ ഏറ്റവും സമ്പന്നനായ യാചകൻ

പതിറ്റാണ്ടുകൾ നീണ്ട ജയിൽവാസത്തിനു ശേഷം ബ്ലാൻഷെ മോനിയർ വലിയ മാനസിക ആഘാതത്തിനെ പിടിയിലായിരുന്നു. സഹോദരനൊപ്പം പോകില്ലെന്ന് കോടതിയെ അവർ അറിയിച്ചിരുന്നു. തന്റെ ശേഷിച്ച ദിവസങ്ങൾ ഒരു ഫ്രഞ്ച് സാനിറ്റോറിയത്തിൽ അവർ ജീവിച്ചു. 1913-ൽ മരണമടഞ്ഞു.

Story highlights- story of a great lover Blanche Monnier