ഒരു ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച പേപ്പർ റിസൈക്ലിംഗ് കമ്പനി; ഇന്ന് 800 കോടി ആസ്ഥിയുള്ള ബിസിനസ് സാമ്രാജ്യം

April 14, 2024

അപ്രതീക്ഷതിമായ തീരുമാനങ്ങളും ആശയങ്ങളുമാണ് പലപ്പോഴും ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. നമുക്ക് ചുറ്റുമുള്ള പലര്‍ക്കും പറയാനുണ്ടാകും അത്തരത്തില്‍ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച കഥകള്‍. അത്തരത്തിലൊരു കഥയാണ് ഡല്‍ഹിക്കാരിയായ പൂനം ഗുപ്തയ്ക്കും പറയാനുള്ളത്. പലരും തലവേദനയായി കരുതുന്ന മാലിന്യങ്ങള്‍ റിസൈക്കിള്‍ ചെയ്താണ് പൂനം ഗുപ്ത കോടികള്‍ സമ്പാദിക്കുന്നത്. ( Success stoy of Indian entrepreneur Poonam Gupta )

ലേഡി ഇര്‍വിന്‍ സ്‌കൂളിലും, ഡല്‍ഹി പബ്ലിക് സ്‌കൂളിലുമാണ് പൂനം ആദ്യ കാല വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കിയ അവര്‍ ഡല്‍ഹിയിലെ തന്നെ ഫോര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, നെതര്‍ലന്‍ഡ്‌സിലെ മാസ്ട്രിക്റ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളില്‍ നിന്നായി ഇന്റര്‍നാഷണല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ എംബിഎ ബിരുദവും കരസ്ഥമാക്കി.

വിവാഹശേഷം 2002-ല്‍ പൂനം ഗുപ്ത ഭര്‍ത്താവിനൊപ്പം സ്‌കോട്ട്ലന്‍ഡിലേയ്ക്ക് പോയി. എന്നാല്‍ അവിടെ അനുയോജ്യമായ ജോലി ലഭിച്ചില്ല. ഇതോടെയാണ് ഒരു സ്വയം തൊഴില്‍ എന്ന ആശയത്തിലേയ്ക്ക് അവള്‍ എത്തുന്നത്. അങ്ങനെ 2003-ല്‍ ഒരു ലക്ഷം രൂപ മുതല്‍ മുതല്‍മുടക്കില്‍ പിജി പേപ്പര്‍ കമ്പനി സ്ഥാപിച്ചു. സ്‌കോട്ടിഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായത്തോടെയാണ് പേപ്പര്‍ റീസൈക്ലിംഗ് ബിസിനസ് ആരംഭിക്കുന്നത്.

ഈ ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ വിവിധ ഉറവിടങ്ങളില്‍ വ്യതസ്തമായ പേപ്പറുകളുടെ റീസൈക്ലിംഗ്, ഉപോല്‍പ്പന്നങ്ങള്‍ എന്നിവയെ കുറിച്ച് പൂനം മനസിലാക്കിയിരുന്നു. എല്ലായിടത്തുനിന്നും വലിച്ചെറിയുന്ന പേപ്പര്‍ മാലിന്യങ്ങളായിരുന്നു പ്രധാന അസംസ്‌കൃത വസ്തുക്കള്‍. കുറഞ്ഞ ചെലവില്‍ അവ കണ്ടെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. അതോടൊപ്പം തന്നെ പല കമ്പനികളുമായി അവര്‍ കരാറുണ്ടാക്കി. റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ അതിവേഗം വിപണി കീഴടക്കി.

ആറ് മാസത്തിനകം ബിസിനസ് ലാഭത്തിലായി. ഇതോടെ സ്വന്തം ഭര്‍ത്താവിനെയും പൂനം അവളുടെ കമ്പനിയിലേക്ക് എത്തിച്ചു. മികച്ച ജോലിയുണ്ടായിരുന്ന ഭര്‍ത്താവിന് ഒന്നര കോടിയുടെ ശമ്പള പാക്കേജ് നല്‍കുന്ന തരത്തിലേയ്ക്ക് അവരുടെ ബിസിനസ് പടര്‍ന്നുപന്തലിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുക, വീണ്ടും ഉപയോഗിക്കുക എന്നി ലക്ഷ്യത്തോടെയായിരുന്നു പൂനം പേപ്പര്‍ റിസൈക്കിള്‍ ബിസിനസിലേക്ക് എത്തിയത്. എന്നാല്‍ എന്നാല്‍ കമ്പനി വളര്‍ന്നതോടെ അര്‍ഥവും, വ്യാപ്തിയും വര്‍ധിക്കുകയായിരുന്നു.

ഇന്ന് ലോകമെമ്പാടും നിരവധി ശൃംഖലകളുമായി ഏറെ പ്രശസ്തമാണ് പിജി പേപ്പര്‍. 53 -ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. യുകെയിലെ അതിവേഗം വളരുന്ന പേപ്പര്‍ കമ്പനികളിലൊന്നാണ് ഇന്ന് പിജി. പൂനത്തിന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ചെറു ആശയത്തെ ഒരു സാമ്രാജ്യമാക്കി വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത്.

Read Also : ശൈശവ വിവാഹം, 18 വയസില്‍ രണ്ട് മക്കളുടെ അമ്മ, ഒടുവിൽ ഐ.പി.എസ് ഓഫിസറായ തമിഴ് പെൺകൊടി

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പിജി പേപ്പറിന്റെ ആസ്തി 800 കോടി രൂപയിലധികമാണ്. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, മെഡിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലയിലേക്കും അവളുടെ കമ്പനി ചുവടുവച്ചു. സ്‌കോട്ട്‌ലന്‍ഡിലാണ് പിജി പേപ്പറിന്റെ ആസ്ഥാനം. ഏകദേശം 350 പേര്‍ ജോലി ചെയ്യുന്നു. ഏഴ് രാജ്യങ്ങളിലായി ഇന്നു ഒമ്പത് ഓഫിസുകള്‍ പിജി പേപ്പറിനുണ്ട്.

Story highlights : Success stoy of Indian entrepreneur Poonam Gupta