വെറ്റ്സ്യൂട്ടില്ലാതെ ചിത്രീകരിച്ച ക്ലെമാക്‌സിനൊടുവിൽ ന്യുമോണിയ ബാധിച്ച കേറ്റ് വിൻസ്‌ലെറ്റ്; ടൈറ്റാനിക് സിനിമയുടെ അണിയറക്കഥകൾ

April 15, 2024

ജെയിംസ് കാമറൂണിൻ്റെ ടൈറ്റാനിക് എന്ന സിനിമ കാണാത്ത സിനിമാപ്രേമികൾ കുറവാണ്. 1912-ൽ RMS ടൈറ്റാനിക് മുങ്ങിയതിൻ്റെ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി, ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2,224 യാത്രക്കാരിൽ 1,500 പേർ ഈ അപകടത്തിൽ മരിച്ചു.സിനിമാലോകത്ത് ഒരു ബില്യൺ ഡോളർ കടന്ന ആദ്യ സിനിമയായി ടൈറ്റാനിക്കും മാറി. കൂടാതെ 2010 ൽ ജെയിംസ് കാമറൂണിൻ്റെ അവതാർ മറികടക്കുന്നതിന് മുമ്പ് വർഷങ്ങളോളം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു ഇത്.

ടൈറ്റാനിക് ദുരന്തത്തിന് 112 വയസ് തികയുമ്പോൾ ആ സിനിമയും അതിലെ അഭിനേതാക്കളുടെ അനുഭവങ്ങളും ചർച്ചയാകുന്നുണ്ട്. എത്ര കാലം കഴിഞ്ഞാലും ടൈറ്റാനിക് നൽകുന്ന ഒരു പുത്തനുണർവ്വ് ഒന്ന് വേറെ തന്നെയാണ്. ലോകമെമ്പാടുമുള്ള പ്രണയിതാക്കളുടെ പ്രിയപ്പെട്ട റോസും ജാക്കും, ആ പാട്ടും, ഓരോ രംഗങ്ങളും ഇന്നും ഒരാളും മറന്നിട്ടില്ല.

നായികയായി അഭിനയിച്ച കേറ്റ്, സിനിമ റിലീസ് ചെയ്ത് രണ്ടുപതിറ്റാണ്ടു കഴിഞ്ഞിട്ടും ആ കഥാപാത്രത്തെ ആരും മറന്നിട്ടില്ലെന്ന് ഇന്ത്യയിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് പറഞ്ഞിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് യാത്ര നടത്തിയപ്പോൾ ഹിമാലയവും കേറ്റ് സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടെ 85 വയസുള്ള ഒരു വൃദ്ധൻ കേറ്റിനെ കണ്ട് സൂക്ഷിച്ച് നോക്കി. ഒരു കണ്ണിനു കാഴ്ചക്കുറവുണ്ട്. വോക്കിങ് സ്റ്റിക്കുമുണ്ട്. അടുത്തുവന്ന് മുഖത്തേക്ക് നോക്കി ആ വൃദ്ധൻ ചോദിച്ചു’ നിങ്ങൾ റോസ് അല്ലെ, ടൈറ്റാനിക്കിലെ?’. അതുകേട്ട് കേറ്റ് പൊട്ടിക്കരഞ്ഞുവെന്നും ഒരു അഭിനേത്രിയെന്ന നിലയിൽ എന്ത് ആനന്ദമാണ് ലഭിക്കാനുള്ളത് എന്നും നടി പങ്കുവെച്ചിരുന്നു.

ടൈറ്റാനിക് എന്ന സിനിമയുടെ പിന്നാമ്പുറ കഥകൾ ഇപ്പോഴും ചർച്ചയാകാറുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് യഥാർത്ഥ ലൊക്കേഷനിൽ ചിത്രീകരിച്ചതല്ല, മറിച്ച് ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. ഇത് യാഥാർത്ഥ്യമാക്കാൻ, നിർമ്മാതാക്കൾ പസഫിക് സമുദ്രത്തിൽ നിന്ന് വെള്ളം കൊണ്ടുവന്ന് സെറ്റിൽ നിറയ്ക്കുകയായിരുന്നു. ശരീരം മരവിച്ച ഐസ് വെള്ളത്തിലാണ് താരങ്ങൾക്ക് കൂടുതൽ സമയവും കഴിയേണ്ടി വന്നത്.

Read also: ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ

തണുത്ത വെള്ളത്തിൽ നിരന്തരം കിടക്കുന്നതിനാൽ അസുഖങ്ങൾ പിടിപെടാനും സാധ്യത ഉണ്ടായിരുന്നു. അതുകൊണ്ട് കലാകാരന്മാർക്കും അണിയറപ്രവർത്തകർക്കുമെല്ലാം വെറ്റ്സ്യൂട്ടുകൾ നൽകിയിരുന്നു. എന്നാൽ കേറ്റ് ഈ നിർദ്ദേശം നിരസിച്ചു. രംഗത്തിന് ആധികാരികത നൽകാനായി വെറ്റ്‌സ്യൂട്ട് ധരിക്കാതെയാണ് അവർ അഭിനയിച്ചത്. വെറ്റ്‌സ്യൂട്ട് തൻ്റെ ആവിഷ്‌കാരത്തിന് തടസ്സമാകുമെന്നും വിശ്വസിച്ചതിനാൽ ആയിരുന്നു അത്. ഒടുവിൽ അവർക്ക് ന്യുമോണിയ പിടിപെട്ടു.

Story highlights- unknown stories of titanic movie shooting