പിറന്നാള്‍ ദിനത്തില്‍ മുഖം മിനുക്കി ഗൂഗിള്‍; വീഡിയോ കാണാം

September 27, 2018

വിശേഷദിനങ്ങളും ജമദിനങ്ങളുമൊക്കെ ആഘോഷാമാക്കാറുള്ളതാണ് നമ്മുടെ ഗൂഗിള്‍. ഇപ്പോഴിതാ സ്വന്തം പിറന്നാളും ആഘോഷമാക്കിയിരിക്കുകയാണ് കക്ഷി. ഇന്റര്‍നെറ്റ് ലോകത്ത് വിസ്മയകരമായ ഇരുപത് വര്‍ഷമാണ് ഗൂഗിള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മനോഹരമായ ഒരു വീഡിയോ ഡൂഡിലാണ് ജന്മദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ കാര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ ഡൂഡില്‍.

അത്ഭുതകരമായിരുന്നു ഗൂഗിളിന്റെ വളര്‍ച്ച. ചെറിയൊരു വാടക കെട്ടിടത്തില്‍ തുടങ്ങിയ കമ്പനി ഇന്ന് ലോകമെമ്പാടും സാന്നിധ്യമുള്ള കമ്പനിയായി മാറി. 150 ഓളം ഭാഷകളില്‍ ഇന്ന് ഗൂഗിളിന്റെ സേവനം ലഭ്യമാണ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളായിരുന്ന ലാറി പെയ്ജും സെര്‍ജി ബ്രിനും 1998 സെപ്തംബര്‍ 27 ല്‍ രൂപം കൊടുത്തതാണ് ഗൂഗിള്‍ കമ്പനി.

എന്നാല്‍ തന്റെ പിറന്നാളിന്റെ കാര്യത്തില്‍ ഗൂഗിളിന് തന്നെ ചെറിയ സംശയമുണ്ട്. 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ സ്ഥാപിക്കപ്പെടുന്നത്. 1999 വരെ ബീറ്റാ വേര്‍ഷനില്‍ തുടര്‍ന്ന ഗൂഗിള്‍ പിന്നീട് പൂര്‍ണരൂപത്തിലെത്തുകയും പെട്ടെന്ന് തന്നെ ജനപ്രീതിയാകര്‍ഷിക്കുകയും ചെയ്തു. 2006 മുതലാണ് ഗൂഗിള്‍ സെപ്തംബര്‍ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്നേ സെപ്തംബര്‍ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ 2004 ല്‍ ഗൂഗിളിന്റെ പിറന്നാള്‍ സെപ്തംബര്‍ 7 നും, അതിന് മുമ്പത്തെ വര്‍ഷം സെപ്തംബര്‍ 8 നും ആയിരുന്നു.

https://www.youtube.com/watch?time_continue=32&v=k0ic0yzAkcw