‘ജീവാംശമായ് താനെ…’ തീവണ്ടിയിലെ പാട്ട് കസൂവില്‍ വായിച്ച് വൈക്കം വിജയ ലക്ഷ്മി

ചരിത്രം കുറിച്ചുകൊണ്ട് തീയേറ്ററുകളില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രം. ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന ഗാനവും നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ മനോഹരമായ ഈ ഗാനം അതിമനോഹരമായി കസൂവില്‍ വായിക്കുന്ന വൈക്കം വിജയലക്ഷ്മിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ താരം. ജീവാംശമായ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോനാണ് വൈക്കം വിജയലക്ഷ്മിയുടെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘വൈക്കം വിജയ ലക്ഷ്മി ജീവാംശമായ് ഭംഗിയായി വായിക്കുന്നു’ എന്ന കുറിപ്പോടെയാണ് കൈലാസ് മേനോന്‍ വീഡിയോ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു. ബി.കെ ഹരിനാരയണന്റേതാണ് അതിമനോഹരമായ ഈ വരികള്‍. പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ഈ ഗാനരംഗത്ത് ടൊവിനോയും സംയുക്താ മോനോനും പ്രണയാര്‍ദ്രമായി അഭിനയിക്കുന്നുണ്ട്. ഏറെ പ്രേക്ഷക സ്വീതൃകാര്യത നേടിയിരുന്നു ഈ ഗാനം. നേരത്തേയും വൈക്കം വിജയലക്ഷ്മി കസൂവില്‍ ഗാനങ്ങള്‍ ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.