ആകാംഷയ്ക്ക് വിട; ‘ലില്ലി’യുടെ റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ലില്ലിയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ‘ലില്ലി’ ഈ മാസം 28 ന് തീയറ്ററുകളില്‍ എത്തും. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രംമാണ്’ലില്ലി.’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകരെ മുള്‍മുനയില്‍നിര്‍ത്തുന്ന രീതിയിലാണ് ട്രെയ്‌ലര്‍ തയാറാക്കിയിരിക്കുന്നത്.പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി പ്രശോഭ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തിയ സംയുക്ത മേനോന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് ചിത്രത്തില്‍. ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകന്‍ പ്രശോഭും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്.

ഒരു ഷോക്കിംഗ് ത്രില്ലര്‍ എന്ന നിലയില്‍ വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം ഇതൊരു കുടുംബചിത്രം കൂടിയാണ്. ഇന്ന് സമൂഹത്തില്‍ എവിടെയും നടക്കാവുന്ന ഒരു പ്രമേയമാണ് ലില്ലി എന്ന ചിത്രത്തില്‍കൈകാര്യം ചെയ്തിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഈ ഫോര്‍ എക്‌സ്പിരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്തയും സി വി ശാരദിയും ചേര്‍ന്നാണ്.

ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി. സിനിമയില്‍ വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്നല്‍കിയിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.