വയലിനില്‍ രാഗവര്‍ഷം തീര്‍ത്ത് മാളവിക; വീഡിയോ കാണാം

September 22, 2018

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘ഒരു മെഴുതിരിയുടെ…’എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി വയലിനില്‍ വായിച്ചിരിക്കുകയാണ് മാളവിക എന്ന കലാകാരി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘വിശുദ്ധന്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പതിനഞ്ച് വര്‍ഷമായി വയലിനും സംഗീതവും അഭ്യസിക്കുന്ന മാളവിക ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയാണ് പുതിയ കവര്‍ സോങിലൂടെ.

ബസേലിയോസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മാളവിക. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്ന മാളവികയ്ക്ക് തുടര്‍ച്ചയായി അഞ്ച് വര്‍ഷം സമ്മാനങ്ങള്‍ ലഭിച്ചു. രണ്ട് വര്‍ഷമായി എം.ജി സര്‍വകലാശാലയിലും തിളങ്ങുന്ന പ്രകടനമാണ് ഈ കലാകാരി കാഴ്ചവെയ്ക്കുന്നത്.

ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് ആദ്യമായി മാളവിക ടെലിവിഷന്‍ ഷോയില്‍ എത്തുന്നത്. കവര്‍സോങിനായി കീബോര്‍ഡില്‍ വിരലുകള്‍ക്കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തത് സുനില്‍ മുണ്ടക്കയമാണ്. കവര്‍സോങ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് ക്യാമറമാന്‍ പ്രമോദ് രാജാണ്. കുമ്മനം ഉപേന്ദ്രനാഥാണ് മാളവികയുടെ ഗുരു സ്വന്തമായി തന്‍വിന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് എന്ന സംഗീത സ്ഥാപനം നടത്തിവരുന്നു. കോട്ടയം ജില്ലയാണ് മാളവികയുടെ സ്വദേശം. അച്ഛന്‍ എം രാധാകൃഷ്ണന്‍, അമ്മ ശശിലേഖ.

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിലെ നിറസാന്നിധ്യമാണ് ഇന്ന് മാളവിക. ഒരു പുതിയ സിനിമയക്കായി സംഗീതം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഈ കലാകാരി.