‘ഐ എസ് എല്ലിലെ മികച്ച വിജയം’ ; മഞ്ഞപ്പടയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ

ഐ എസ് എൽ അഞ്ചാം സീസണിന്റെ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനവുമായി ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍. ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെയെ മുട്ടുകുത്തിക്കുന്നത്. 76-ാം മിനുറ്റില്‍ പോപ്ലാറ്റ്‌നിച്ച് തലകൊണ്ട് വലയിലിട്ട ഗോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസമാവുകയായിരുന്നു. പിന്നീട്   86-ാം മിനുറ്റില്‍ സെര്‍ബിയന്‍ താരം സ്റ്റൊജാനോവിച്ച് ലോകോത്തര ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ലീഡ് രണ്ടിലെത്തിച്ചത്തോടെ മഞ്ഞപ്പട കൊൽക്കത്ത മണ്ണിൽ വിജയം നേടുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ വീരകഥകൾ പറയുന്ന കൊൽക്കത്തയുടെ മണ്ണിലെ  ഫുട്ബോൾ മാമാങ്കത്തിൽ ആദ്യ വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് കേരളക്കരയ്‌ക്കൊപ്പം ലാലേട്ടനും. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ കൈവിട്ട  ടീമിനെ വിജയിത്തിലെത്തിക്കാൻ അവതരിച്ച  രക്ഷകനാണ് ലാലേട്ടൻ എന്നാണ് കേരളത്തിലെ  ഫുട്ബോൾ പ്രേമികളുടെ വാദം.

ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട പരിശീലകൻ ഡേവിഡ് ജെയിമ്സിന്റെയും ക്യാപ്റ്റൻ സന്ദേശ് ജിങ്കൻറെയും  കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടുന്നതായിരുന്നു ഇന്നലത്തെ വിജയം.